Headlines
Published On:Thursday, January 23, 2014

വിജാതീയനെ പ്രണയിച്ച യുവതിക്ക് ശിക്ഷ കൂട്ടമാനഭംഗം; 13 പേര്‍ അറസ്റ്റില്‍

അന്യ സമുദായക്കാരനെ പ്രണയിച്ച കുറ്റത്തിന്് നാട്ടുകൂട്ടത്തിന്റെ ഉത്തരവുപ്രകാരം യുവതിയെ കൂട്ടമാനഭംഗത്തിനിരയാക്കിയ സംഭവത്തില്‍ നാട്ടുകൂട്ടതലവന്‍ ഉള്‍പ്പെടെ 13 പേര്‍ അറസ്റ്റിലായി. അയല്‍ക്കാരും നാട്ടുകാരുമടങ്ങുന്ന സംഘമാണ് 20കാരിയായ ആദിവാസിയുവതിയെ കൂട്ടമാനഭംഗത്തിനിരയാക്കിയത്. കോല്‍ക്കത്തയില്‍നിന്ന് 180 കിലോമീറ്റര്‍ അകലെ ബിര്‍ഭുമിലെ സുബല്‍പൂര്‍ ഗ്രാമത്തിലായിരുന്നുസംഭവം.

വിജാതീയനെ പ്രണയച്ചകുറ്റം ചുമത്തി പെണ്‍കുട്ടിക്ക് 50,000 രൂപ നാട്ടുകൂട്ടം പിഴയിട്ടു. എന്നാല്‍ ഇത്രയും തുക നല്‍കാനില്ലെന്ന് യുവതിയുടെ കുടുംബം അറിയിച്ചതോടെ ഗ്രാമമുഖ്യന്റെ നീചമായ വിധിയെത്തി. അന്യസമുദായക്കാരനായ യുവാവിനെ അയല്‍വാസികള്‍ പെണ്‍കുട്ടിയുടെ വീട്ടില്‍നിന്ന് പിടികൂടിയതിനെ തുടര്‍ന്നാണ് നാട്ടുകൂട്ടം അടിയന്തിരമായി ചേര്‍ന്നത്. പീഡനം വിധിച്ചതോടെ അയല്‍വാസികളടക്കം പുരുഷന്‍മാര്‍ യുവതിയെ ബലംപ്രയോഗിച്ച് കൊണ്ടുപോയി കൂട്ട ബലാല്‍സംഗത്തിനിരയാക്കി. ഒരുദിവസം കഴിഞ്ഞാണ് തിരികെ വീട്ടില്‍ കൊണ്ടുവന്നത്. എത്ര പേര്‍ എത്ര തവണ ബലാല്‍സംഗം ചെയ്‌തെന്ന് ഓര്‍മ്മയില്ലെന്ന് യുവതി പോലീസിനോട് പറഞ്ഞു.

ശിക്ഷ വിധിച്ച ഗ്രാമമുഖ്യന്‍ സുനില്‍ സോറന്‍ എന്നയാളും ബലാല്‍സംഗം ചെയ്തു. ഇയാളടക്കം 13 പേരാണ് അറസ്റ്റിലായത്. യുവതിയുടെ കുടുംബം പോലീസില്‍ പരാതി നല്‍കിയതോടെയാണ് സംഭവം പുറത്തറിയുന്നത്. തുടര്‍ന്ന് നാട്ടുകാരുടെ എതിര്‍പ്പ് അവഗണിച്ച് പോലീസ് ഗ്രാമത്തില്‍ റെയ്ഡ് നടത്തി പ്രതികളെ പിടികൂടുകയായിരുന്നു.