Published On:Thursday, January 16, 2014
കെജ്രിവാള് വിഎസിനെ മാതൃകയാക്കുന്നു; ദില്ലിയില്‍ വിഎസ് ഇഫക്ട്
ന്യൂഡല്‍ഹി: വിഎസ് അച്യുതാനന്ദനെ സിപിഐഎമ്മിന് വേണ്ടെങ്കിലും അങ്ങ് ദില്ലിയില്‍ അരവിന്ദ് കെജ്രിവാളും ആം ആദ്മി പാര്‍ട്ടിയും വിഎസിനെ സകല കാര്യങ്ങളിലും മാതൃകയാക്കുകയാണ്. രാഷ്ട്രീയ പ്രവര്‍ത്തന ശൈലിക്കപ്പുറം ഭരണ പരിഷ്കാരങ്ങളുടെ കാര്യത്തിലും വിഎസ് സര്‍ക്കാരിന്റെ വിജയിച്ചതും പാതിവഴിക്കായതുമായി പരിഷ്കാരങ്ങള്‍ പഠിച്ച് ദില്ലിയില്‍ പ്രയോഗിക്കാനുളള ഒരുക്കത്തിലാണ് കെജ്രിവാള്. വി.എസ്. അച്യുതാനന്ദന് മുഖ്യമന്ത്രിയായിരിക്കെ കേരളത്തില്‍ നടപ്പാക്കിയ ഐ.ടി. വികസനം ഡല്‍ഹിയില്‍ അതേ പടി നടപ്പിലാക്കാനാണ് ആം ആദ്മി സര്‍ക്കാര്‍ ആലോചിക്കുന്നത്.
ദില്ലിയിലുണ്ടായ മുന്നേറ്റത്തിന് ആക്കം കൂട്ടാന്‍ അത് സഹായിക്കുമെന്നാണ് പാര്‍ട്ടിയുടെ വിലയിരുത്തല്‍. റിച്ചാര്‍ഡ് സ്റ്റാള്‍മാന്‍ വികസിപ്പിച്ച സ്വതന്ത്ര സോഫ്ട്വെയര് പ്രോത്സാഹിപ്പിക്കാനും വി.എസ്. സര്‍ക്കാര്‍ നടപ്പാക്കിയതു പോലെ ഐ.ടി. അറ്റ് സ്കൂള്‍ പദ്ധതിയും ഇഗവേണന്‍സും ഡല്‍ഹിയിലും നടപ്പാക്കാനുമാണ് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ നീക്കം. കഴിഞ്ഞ ദിവസം സ്റ്റാള്‍മാനുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി. വി.എസ്സിന്റെ മുന്‍ ഐ.ടി ഉപദേശകന് ജോസഫ് മാത്യുവും ചര്‍ച്ചയില്‍ പങ്കെടുത്തു. സ്വതന്ത്ര സോഫ്ട്വെയറിനെക്കുറിച്ച് സ്റ്റാള്‍മാനും വി.എസ്. സര്‍ക്കാര്‍ കേരളത്തില്‍ നടപ്പാക്കിയ ഐ.ടി. പദ്ധതികളെക്കുറിച്ച് ജോസഫ് മാത്യുവും കെജ്രിവാളിനോടു വിശദീകരിച്ചു.
മൈക്രോസോഫ്ടിന്റെ കുത്തക തകര്‍ക്കാനും സ്വതന്ത്രമായ ഐ.ടി. വിപ്ലവം സാധ്യമാക്കാനും ലക്ഷ്യമിടുന്നതാണ് സ്റ്റാള്‍മാന്റെ സ്വതന്ത്ര സോഫ്ട്വെയര് സങ്കല്‍പ്പം. ഇതിന്റെ രാഷ്ട്രീയം മനസ്സിലാക്കി അദ്ദേഹവുമായി വി.എസ്. പലവട്ടം ചര്‍ച്ച നടത്തിയിരുന്നു. അദ്ദേഹം മുഖ്യമന്ത്രിയായിരിക്കെ വിദ്യാഭ്യാസരംഗത്തും കെ.എസ്.ഇ.ബി.യിലുമൊക്കെ സ്വതന്ത്ര സോഫ്ട്വെയര് ഉപയോഗിച്ചുള്ള വിവിധ പദ്ധതികള്‍ നടപ്പാക്കി. ഇഗവേണന്‍സ് നടപ്പാക്കിയതും സ്വതന്ത്ര സോഫ്ട്വെയര് ഉപയോഗിച്ചായിരുന്നു.
ഐ.ടി. ഭീമന് മൈക്രോസോഫ്ടിനെതിരെയുള്ള ചെറുത്തു നില്‍പ്പായി വി.എസ്. സര്‍ക്കാറിന്റെ നടപടി വ്യാഖ്യാനിക്കപ്പെടുകയും ചെയ്തിരുന്നു. ഇതെക്കുറിച്ച് മനസ്സിലാക്കിയ കെജ്രിവാള് കേരളത്തിലെ മാതൃക ഡല്‍ഹിയില്‍ നടപ്പാക്കാന്‍ താത്പര്യം പ്രകടിപ്പിക്കുകയായിരുന്നു. തുടര്‍ന്നാണ് കേരളത്തിലെത്തിയ റിച്ചാര്‍ഡ് സ്റ്റാള്‍മാനെ ഒപ്പം കൂട്ടി ജോസഫ് മാത്യു ഡല്‍ഹിയിലെത്തി ചര്‍ച്ച നടത്തിയത്.
ജനതാദര്‍ബാര്‍ നിര്‍ത്തിവെച്ച സാഹചര്യത്തില്‍ നഗരത്തിന്റെ ഓരോ ഭാഗത്തുള്ളവരുമായി വീഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെ സംവദിക്കാനാണ് അദ്ദേഹത്തിന്റെ നീക്കം. ഇതുവഴി ജനങ്ങളുടെ പരാതികള്‍ കേട്ട് ഉടന്‍ തന്നെ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്കുന്ന ഇഗവേണന്‍സ് പദ്ധതിയാണ് അദ്ദേഹത്തിന്റെ മനസ്സിലുള്ളത്. ഇതിന് സ്വതന്ത്ര സോഫ്ട്വെയര് ഉപയോഗപ്പെടുത്തും.
സ്കൂളുകളിലെ ഐ.ടി പഠനത്തിന് സ്വതന്ത്ര സോഫ്ട്വെയര് ഉപാധിയാക്കും. ആം ആദ്മി പാര്‍ട്ടിയുടെ പ്രചാരണപ്രവര്‍ത്തനങ്ങള്‍ക്കും സ്വതന്ത്ര സോഫ്ട്വെയര് ഉപയോഗിക്കാന്‍ ലക്ഷ്യമിടുന്നു. കേരളത്തിലെ മാതൃക ആം ആദ്മി സര്‍ക്കാര്‍ ഉപയോഗപ്പെടുത്തുന്നതില്‍ സന്തോഷമുണ്ടെന്ന് ജോസഫ് മാത്യു പറഞ്ഞു. ആം ആദ്മി പാര്‍ട്ടി നേതാവ് അഡ്വ. പ്രശാന്ത് ഭൂഷണ്, വിദ്യാഭ്യാസമന്ത്രി മനീഷ് സിസോദിയ എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു.

