Headlines
Published On:Thursday, January 9, 2014

കേരളത്തിന്റെ കടബാധ്യത 1,02,684.93 കോടി രൂപ

തിരുവനന്തപുരം: അക്കൗണ്ടന്റ് ജനറലിന്റെ പ്രാഥമിക കണക്കനുസരിച്ച് കഴിഞ്ഞവര്‍ഷം നവംബര്‍ 30 വരെയുള്ള സംസ്ഥാനത്തിന്റെ മൊത്തം കടബാധ്യത 1,02,684. 93 കോടി രൂപ. യുഡി എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം 24011.69 കോടി രൂപ അധികമായി കടമെടുത്തു. ആഭ്യന്തരകടമായി 16621. 39 കോടി രൂപയും കേന്ദ്രസര്‍ക്കാരില്‍ നിന്ന് 333.7 കോടിയും ലഘുസമ്പാദ്യം, പി.എഫ് എന്നിവയില്‍ നിന്ന് 7056. 6 കോടിയുമാണ് കടമെടുത്തത്.
വായ്പകളും മുന്‍കൂറും അടക്കമുള്ള മൂലധനച്ചെലവ് 2736.31 കോടിയാണ്. റിസര്‍വ് ബാങ്കിന്റെ കണക്കുപ്രകാരം ഈ കാലയളവിലെ ട്രഷറി നിക്ഷേപം 1629.10 കോടിയാണ്. റവന്യൂ കമ്മി 2309 കോടിയും ധനക്കമ്മി 4976 കോടിയുമാണ്. കഴിഞ്ഞവര്‍ഷം നവംബര്‍ 30 വരെ ആകെ ലഭിച്ച റവന്യൂ വരുമാനം 30154.46 കോടിയാണ്. ഇത് കഴിഞ്ഞവര്‍ഷം ഇക്കാലയളവിനേക്കാള്‍ 11.96 ശതമാനം കൂടുതലാണ്. ഇതിനുപുറമെ 35199.79 കോടി ചെലവഴിച്ച നടപ്പ് സാമ്പത്തികവര്‍ഷം ചെലവുകളും 7.17 ശതമാനം വര്‍ധിച്ചു.
മുന്‍വര്‍ഷം 30290.58 കോടി ആയിരുന്നു റവന്യൂ ചെലവ്. നടപ്പുസാമ്പത്തിക വര്‍ഷത്തെ ബജറ്റ് എസ്റ്റിമേറ്റ് പ്രകാരം 58057.87 കോടി രൂപയാണ് റവന്യൂ വരുമാനമായി പ്രതീക്ഷിക്കുന്നത്. ചെലവ് ഇനത്തില്‍ 70076.34 കോടി രൂപയും.
അടിസ്ഥാന വികസന പ്രവൃത്തികള്‍ക്കായി 2013 ഡിസംബര്‍ 31വരെ പൊതുവിപണിയില്‍ നിന്ന് 9700 കോടി രൂപയും ദേശീയ ലഘു സമ്പാദ്യ പദ്ധതിയില്‍നിന്ന് 107 കോടി രൂപയും കേന്ദ്രത്തില്‍ നിന്ന് 330.67 കോടി രൂപയും നബാര്‍ഡില്‍ നിന്ന് 218.56 കോടി രൂ‍പയും കടമെടുത്തു.