Published On:Friday, January 31, 2014
പ്രായമാകുമ്പോള്‍ തലച്ചോറിനെന്തു സംഭവിക്കുന്നു? ഗവേഷണം നടത്താന്‍ ക്രിസ് ഗോപാലകൃഷ്ണന്റെ സംഭാവന 225 കോടി രൂപ
തലച്ചോറിന്റെ വളര്‍ച്ച സംബന്ധിച്ച് ഗവേഷണം നടത്താന്‍ പ്രത്യേക കേന്ദ്രം തുടങ്ങാന്‍ ഇന്ത്യന്‍ ഇന്‍സ്റ്റിട്യൂട്ട് ഓഫ് സയന്‍സസി(ഐ.ഐ.എസ്സി)ന് ഇന്‍ഫോസിസ് എക്സിക്യുട്ടീവ് വൈസ് ചെയര്മാന് ക്രിസ് ഗോപാലകൃഷ്ണന്റെ സംഭാവന 225 കോടി രൂപ. ശാസ്ത്ര ഗവേഷണത്തിന് ഇന്ത്യയില്‍ നല്കപ്പെട്ടിട്ടുള്ള ഏറ്റവും വലിയ സംഭാവനകളിലൊന്നാണിത്. ബംഗളൂരുവിലെ ഐ.ഐ.എസ്സിയുടെ 105 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായാണ് ഇത്രയും വലിയ തുക സംഭാവന കിട്ടുന്നത്.ഭാര്യ സുധയുമായി ചേര്‍ന്ന് ക്രിസ് നടത്തുന്ന പ്രതീക്ഷാ ട്രസ്റ്റ് വഴിയാണ് തുക നല്‍കുക. തലച്ചോര്‍ ഗവേഷണ കേന്ദ്രം തുടങ്ങാനും അടുത്ത പത്തു വര്‍ഷത്തേക്ക് പ്രവര്‍ത്തിക്കാനുമാണ് ഈ തുക നല്‍കുക. നൊബേല്‍ സമ്മാന ജേതാവായ ടോര്‍സ്റ്റെന്‍ വീസെലിന്റെ നേതൃത്വത്തില്‍ വിദേശ സര്‍വകലാശാലകളിലെ പ്രമുഖ ശാസ്ത്രജ്ഞരാണ് ഗവേഷണം നടത്തുക.
മനുഷ്യന്റെ തലച്ചോറിനു പ്രായമാകുമ്പോള്‍ എന്തു സംഭവിക്കുന്നു, ഡിമെന്‍ഷ്യ പോലുള്ള രോഗങ്ങള്‍ക്കു കാരണമെന്ത്, ചികില്‍സയോ മരുന്നോ ഉണ്ടോ, തലച്ചോര്‍ രോഗം ബാധിച്ചവരെ എങ്ങനെ ചികില്‍സിക്കാം, തലച്ചോറും കമ്പ്യൂട്ടറും തമ്മിലുള്ള ബന്ധം എന്ത്, മനുഷ്യന്റെ തലച്ചോറിനെ ആസ്പദമാക്കി എങ്ങനെ കമ്പ്യൂട്ടര്‍ ഉണ്ടാക്കാം തുടങ്ങിയ കര്യങ്ങളാണ് ഇവിടെ ഗവേഷണം നടത്തുക.
