Published On:Friday, January 31, 2014
സോപാനം ജയറാമിന് ഞെട്ടിപ്പിക്കുന്ന മേക്ക് ഓവര്‍
ഈ ഫോട്ടോയില്‍ കാണുന്ന ആളെ തിരിച്ചറിയാനാകുന്നുണ്ടോ എന്ന് ചോദിച്ചാല്‍ ചിലപ്പോള്‍ പ്രേക്ഷകര്‍ കുഴയും. ഒരുപക്ഷേ ഒന്നു കൂടി തുറിച്ചു നോക്കിയാല്‍ മാത്രം അത്ര പെട്ടെന്നൊന്നും തിരിച്ചറിയാത്ത ഈ മുഖം നടന്‍ ജയറാമിന്റേതാണെന്ന് വ്യക്‌തമാകും. ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ഷാജി എന്‍ കരുണ്‍ ചിത്രം സോപാനത്തിലെ ജയറാമിന്റെ രുപം ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ്.പൊതുവേ സുന്ദരനായ ജയറാമിനെ ഒട്ടും തിരിച്ചറിയാനാകാത്ത വിധത്തിലാണ് ഒരുക്കിയിരിക്കുന്നത്. താടിയും മുടിയും നീട്ടി ഒരു രവീന്ദ്രനാഥ ടാഗോര്‍, എംഗല്‍സ് സ്‌റ്റൈല്‍. പോരാത്തതിന് കരുവാളിച്ചത് പോലെ തോന്നിപ്പിക്കുന്ന വിധത്തില്‍ നന്നായി കറുപ്പിച്ചിട്ടുമുണ്ട്. പ്രേക്ഷക വിധിയെഴുത്ത് കാത്തിരിക്കുന്ന ചിത്രവുമായി ബന്ധപ്പെട്ട ചില ഫോട്ടോകള്‍ തന്റെ ഫേസ്‌ബുക്ക് അക്കൗണ്ടിലൂടെ ജയറാം തന്നെയാണ് പോസ്‌റ്റ് ചെയ്‌തിരിക്കുന്നത്.
മൂന്ന് ചിത്രങ്ങളാണ് പോസ്‌റ്റ് ചെയ്‌തിരിക്കുന്നത്. ഇതില്‍ പൊള്ളലേറ്റ നിലയില്‍ രണ്ടു ചിത്രങ്ങളും ഉണ്ട്. സിനിമയില്‍ എത്തി രണ്ടു ദശകത്തിനിടെ പല ഉയര്‍ച്ച താഴ്‌ചകള്‍ കണ്ട ജയറാമിന്റെ കരിയറിലെ ഏറ്റവും വലിയ വെല്ലുവിളി ആയിരിക്കും ഈ കഥാപാത്രമെന്നാണ് ആരാധകര്‍ കരുതുന്നത്. പല തവണ കഴിവും തെളിയിച്ചിട്ടും പത്മരാജനും ഭരതനും ലോഹിതദാസിനുമൊക്കെ ശേഷം പ്രതിഭയുടെ കയ്യൊപ്പുള്ള സംവിധായകരുടെ സിനിമ എന്ന സ്വപ്‌നം ജയറാമില്‍ നിന്നും അകന്നു നില്‍ക്കുകയായിരുന്നു. എന്നാല്‍ വാദ്യ കലാകാരന്റെ ആത്മ സംഘര്‍ഷങ്ങള്‍ വിഷയമാകുന്ന സോപാനം ജയറാമിന് അഭിനയ സാധ്യത കൂടുതലുള്ള വേഷങ്ങള്‍ കൊണ്ടുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
