Published On:Thursday, January 16, 2014
സമ്പന്നരെ ലക്ഷ്യമിട്ട് എഎപി; 200 കോടി പിരിക്കും
സാധാരണക്കാരുടെ പണം മാത്രം സ്വീകരിച്ച് ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിട്ട ആം ആദ്മി പാര്‍ട്ടി ലോക്‌സഭാ തെരഞ്ഞെടുപ്പിലേക്കെത്തുമ്പോള്‍ കളം മാറ്റുന്നു. വന്‍കിട ധനികന്മാരില്‍നിന്നു വമ്പന്‍ തുക പിരിച്ചെടുക്കാനാണ് എഎപി നീക്കം നടത്തുന്നത്. വരുന്ന പൊതുതെരഞ്ഞെടുപ്പില്‍ കളംനിറഞ്ഞു കളിക്കാന്‍ 200 കോടി രൂപ സമാഹരിക്കാനാണ് പാര്‍ട്ടി ശ്രമിക്കുന്നതെന്ന എഎപിയുടെ ദേശീയ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം വെളിപ്പെടുത്തി. ഇതിനായി അഞ്ഞൂറ് അംഗങ്ങള്‍ അടങ്ങുന്ന സംഘം രൂപീകരിക്കും. മുന്‍ നിലപാടില്‍നിന്നു വ്യതിചലിച്ച് കോര്‍പ്പറേറ്റ് രംഗത്തുള്ള വ്യക്തികളില്‍നിന്നു പണം സ്വീകരിക്കാനും പാര്‍ട്ടി തീരുമാനിച്ചുവെന്നാണ് അറിയുന്നത്. കോര്‍പ്പറേറ്റ് സ്ഥാപനങ്ങളില്‍നിന്നു പണം പിരിക്കില്ല. 50 ലക്ഷം രൂപയ്ക്കു മുകളില്‍ സംഭാവന നല്‍കാന്‍ ശേഷിയുള്ള ധനികരെ നേരിട്ടു കണ്ട് ചര്‍ച്ച നടത്തും. വിദേശത്തുനിന്നുള്ള ഫണ്ടിംഗ് വര്‍ധിപ്പിക്കാനും നീക്കമുണ്ട്. പാര്‍ട്ടി ഫണ്ടിന്റെ 25 ശതമാനം വിദേശത്തുനിന്നാണു ലഭിക്കുന്നത്.
ഓരോ ലോക്‌സഭാ മണ്ഡലത്തിലും ഒരു കോടി രൂപ ചെലവിടാനാണു പാര്‍ട്ടി ഉദ്ദേശിക്കുന്നത്. ഒരു മണ്ഡലത്തില്‍ അമ്പതു ലക്ഷം രൂപയില്‍ കൂടുതല്‍ ചെലവാക്കാന്‍ കഴിയില്ലെന്നാണു തെരഞ്ഞെടുപ്പ് കമ്മിഷന്റെ നിര്‍ദേശം.
ഡല്‍ഹിയില്‍ എഎപി സര്‍ക്കാര്‍ അധികാരമേറ്റതിനു പിന്നാലെ ഓണ്‍ലൈന്‍ വഴി 5.8 കോടി രൂപയാണ് പാര്‍ട്ടിക്കു സംഭാവന കിട്ടിയത്. ദിവസവും 20-25 ലക്ഷം രൂപയാണ് പാര്‍ട്ടി ഫണ്ടിലേക്ക് ഒഴുകിയെത്തുന്നത്. ഡല്‍ഹി സര്‍ക്കാര്‍ രൂപീകരണത്തിനു ശേഷമാണ് സംഭവന കുത്തനെ ഉയര്‍ന്നത്. എന്നാല്‍ വ്യക്തികളില്‍നിന്നു പിരിച്ചെടുക്കുന്ന പണം കൊണ്ടു ലോക്‌സഭാ തെരഞ്ഞെടുപ്പിനെ നേരിടാന്‍ കഴിയില്ലെന്നാണു പാര്‍ട്ടി നിലപാട്. ഈ സാഹചര്യത്തില്‍ വമ്പന്‍ ഇടപാടുകള്‍ക്കുള്ള ശ്രമം നടത്താതെ പറ്റില്ലെന്ന് എഎപി ദേശീയ സെക്രട്ടറി പങ്കജ് ഗുപ്ത പറഞ്ഞു.
ഡല്‍ഹി തെരഞ്ഞെടുപ്പില്‍ 20 കോടി രൂപയായിരുന്നു പാര്‍ട്ടിയുടെ ബജറ്റ്. ഒരു വര്‍ഷം കൊണ്ടാണ് ഈ പണം പിരിച്ചെടുത്തത്. പൊതുയോഗങ്ങളില്‍നിന്നും വീടുകള്‍ കയറിയിറങ്ങിയുമാണു പണം പിരിച്ചത്. ഒരു ദിവസം 7-8 ലക്ഷം രൂപയാണു ലഭിച്ചത്.

