Headlines
Published On:Friday, January 17, 2014

സരിത, ശാലു, ശ്വേത, ഒടുവില്‍ മെഹര്‍ തരാര്‍; ജനപ്രതിനിധികള്‍ക്ക്‌ പിന്നാലെ അവിഹിത കഥകള്‍

സരിതയും ശാലുവും ശ്വേതയും കുരുക്കിലാക്കിയ എംപിമാരുടെയും കേന്ദ്രമന്ത്രിമാരുടെയും കഥകള്‍ കേട്ട്‌ കേട്ട്‌ മടുത്തവരാണ്‌ കേരളീയര്‍. ഏറ്റവും ഒടുവില്‍ കേന്ദ്രമന്ത്രി കൂടിയായ ശശിതരൂര്‍ കേരളമൊക്കെ വിട്ട്‌ പാക്കിസ്ഥാനിലെ പെണ്ണിന്റെ പേരില്‍ കുരുക്കിലായത്‌ അപ്രതീക്ഷിതമായ അടിയായി. പാക്കിസ്ഥാന്‍ മാധ്യമപ്രവര്‍ത്തകയുമായി അവിഹിത ബന്ധവും ഐഎസ്‌ഐ ബന്ധവുമൊക്കെ ഉള്‍പ്പെടുത്തി സങ്കീര്‍ണമായ ആരോപണം ഉന്നയിച്ചത്‌ ഭാര്യ സുനന്ദ പുഷ്‌കര്‍ തന്നെയാണെന്ന ഗൗരവവും സംഭവത്തിനുണ്ട്‌. ഇരുവരും നിഷേധിച്ചുകൊണ്ട്‌ സംയുക്ത പ്രസ്‌താവന ഇറക്കിയെങ്കിലും വിശ്വസനീയമായ വിശദീകരണം ഇതുവരെയും പുറത്തുവന്നിട്ടില്ല.
നേരത്തെ സരിത പ്രശ്‌നത്തില്‍ കെസി വേണുഗോപാലും ശാലു പ്രശ്‌നത്തില്‍ കൊടിക്കുന്നില്‍ സുരേഷും ശ്വേതാമേനോന്‍ പ്രശ്‌നത്തില്‍ പീതാംബരക്കുറുപ്പും പ്രതിക്കൂട്ടിലായിരുന്നു. ഏറ്റവും ഒടുവിലാണ്‌ തിരുവനന്തപുരം എംപികൂടിയായ ശശിതരൂര്‍ മെഹര്‍തരാറിന്റെ പേരില്‍ കുരുക്കിലായിരിക്കുന്നത്‌. ഇതോടെ ആലപ്പുഴ, മാവേലിക്കര, കൊല്ലം എന്നീമണ്ഡലങ്ങളില്‍ നിലവിലെ സ്ഥാനാര്‍ത്ഥികള്‍ തന്നെ വന്നാല്‍ വോട്ടര്‍മാര്‍ തിരിച്ചടിക്കുമെന്ന പേടി നേതൃത്വത്തിന്‌ ഇപ്പോള്‍ തന്നെയുണ്ട്‌. ഇപ്പോള്‍ തിരുവനന്തപുരം എംപി കൂടിയായ ശശ തരൂരും ഈ അവസ്ഥയിലായത്‌ പ്രതിപക്ഷം ഉയര്‍ത്തിക്കൊണ്ടുവരുമെന്നുറപ്പാണ്‌. ഈ സാഹചര്യത്തില്‍ തിരുവനന്തപുരത്തും നില ഇതോടെ പരുങ്ങലിലായിരിക്കുകയാണ്‌.
ശശി തരൂര്‍-സുനന്ദ പ്രശ്‌നം സ്വകാര്യം കുടുംബപരം എന്നെല്ലാം പറഞ്ഞ്‌ ഒഴിയാമെങ്കിലും ലോകസഭാ തെരഞ്ഞെടുപ്പില്‍ സീറ്റ്‌ വിഭജന സമയത്ത്‌ പ്രശ്‌നം ഗുരുതരമായി തന്നെ മാറുമെന്നുറപ്പാണ്‌. പെണ്‍വിഷയത്തില്‍ കുടുങ്ങുന്ന മൂന്നാമത്തെ കേന്ദ്രമന്ത്രിയും നാലാമത്തെ എംപിയുമെന്ന നിലയില്‍ കേരളത്തില്‍ നിന്നുള്ള നാല്‌ സീറ്റുകളുടെ വിഭജനം കോണ്‍ഗ്രസ്‌ നേതൃത്വത്തിന്‌ കീറാമുട്ടിയാകുമെന്നുറപ്പായി. കൊടിക്കുന്നില്‍ സുരേഷ്‌ മാവേലിക്കരയില്‍ തന്നെ വീണ്ടും മല്‍സരിക്കാനാണ്‌ പുറപ്പെടുന്നത്‌. എന്നാല്‍ കെ സിവേണുഗോപാല്‍ ആലപ്പുഴയില്‍ നിന്ന്‌ കൊല്ലത്തേക്ക്‌ മാറാന്‍ ആലോചിക്കുന്നുമുണ്ട്‌. കൊല്ലത്ത്‌ പീതാംബരക്കുറുപ്പിന്‌ ഇത്തവണ സീറ്റ്‌ ലഭിക്കുന്ന കാര്യം സംശയവുമാണ്‌. എന്തായാലും ശശി തരൂര്‍ പ്രശ്‌നം കേരളത്തിലെ കോണ്‍ഗ്രസ്സിനെ ബാധിക്കുന്ന പ്രശ്‌നമല്ലെന്നും ഹൈക്കമാന്റ്‌ പ്രതിനിധിയെന്ന നിലയില്‍ നേരിടേണ്ടതാണെന്നുമുള്ള കാര്യം കെപിസിസിക്ക്‌ ആശ്വാസകരമാണ്‌.