Headlines
Published On:Thursday, January 9, 2014

ദേശീയ സ്‌കൂള്‍ മീറ്റില്‍ കേരളത്തിന് പത്താം സ്വര്‍ണം

റാഞ്ചി: റാഞ്ചിയിലെ ബര്‍സ മുണ്ട സ്‌റ്റേഡിയത്തില്‍ നടക്കുന്ന നടക്കുന്ന ദേശീയ സ്‌കൂള്‍ കായികമേളയുടെ രണ്ടാം ദിവസം പത്തു സ്വര്‍ണവുമായി കേരളം മുന്നില്‍. ഇന്നു മാത്രം ഇതുവരെ ആറു സ്വര്‍ണം കേരളത്തിന്റെ താരങ്ങള്‍ സ്വന്തമാക്കി.
സബ്ജൂനിയര്‍ പെണ്‍കുട്ടികളുടെ ഹൈജംപില്‍ സന്ധ്യയാണ് കേരളത്തിനു പത്താം സ്വര്‍ണം സമ്മാനിച്ചത്. സബ്ജൂനിയര്‍ ആണ്‍കുട്ടികളുടെ ഹൈജംപില്‍ ഗുരുവായൂര്‍ ശ്രീകൃഷ്ണ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ കെ എസ് അനന്തു ദേശീയറെക്കോഡോടെ സ്വര്‍ണം നേടി. അയ്യായിരം മീറ്റര്‍ നടത്തത്തില്‍ കോഴിക്കോട് മാണിയൂര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ എ എം ബിന്‍സിയും ലോംഗ്ജംപില്‍ ജെനിമോളും സ്വര്‍ണം നേടി. ഇക്കുറി സ്‌കൂള്‍ കായികമേളയോടു വിടപറയുന്ന ബിന്‍സി നാളെ ട്രിപ്പിള്‍ ജംപിലും മത്സരിക്കുന്നുണ്ട്.
സീനിയര്‍ പെണ്‍കുട്ടികളുടെ നാനൂറു മീറ്ററില്‍ വി വി ജിഷയും ജൂനിയര്‍ പെണ്‍കുട്ടികളുടെ നാനൂറു മീറ്റിറില്‍ ജിസ്‌ന മാത്യുവും സ്വര്‍ണം നേടി. മീറ്റ് തുടങ്ങിയ ഇന്നലെ ആദ്യ സ്വര്‍ണം കേരളത്തിനായിരുന്നു. ജൂനിയര്‍ പെണ്‍കുട്ടികളുടെ മൂവായിരം മീറ്ററില്‍ കോഴിക്കോട് നെല്ലിപ്പൊയില്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ കെ ആര്‍ ആതിരയാണ് ആദ്യ സ്വര്‍ണം നേടിയത്. പിന്നാലെ സീനിയര്‍ പെണ്‍കുട്ടികളുടെ മൂവായിരം മീറ്ററില്‍ മുണ്ടൂര്‍ സ്‌കൂളിലെ പി യു ചിത്ര സ്വര്‍ണം നേടി. ജൂനിയര്‍ പെണ്‍കുട്ടികളുടെ എന്‍ പി സംഗീത, ആണ്‍കുട്ടികളുടെ ലോംഗ്ജംപില്‍ പി വി സുഹൈല്‍ എന്നിവരും സ്വര്‍ണം നേടിയിരുന്നു.