Headlines
Published On:Thursday, January 9, 2014

കെ.പി.സി.സി പ്രസിഡന്റ് ഉടന്‍ -ചെന്നിത്തല

ന്യൂദല്‍ഹി: പുതിയ കെ.പി.സി.സി പ്രസിഡന്റിനെ പ്രഖ്യാപിക്കുന്നതിന് മുന്നോടിയായ നിര്‍ണായക കൂടിയാലോചനകള്‍ തുടങ്ങി. ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും ഹൈക്കമാന്‍ഡുമായി ചര്‍ച്ച നടത്തി. ഇന്നോ നാളെയോ പ്രഖ്യാപനമുണ്ടാകും.
രാവിലെ 10 മണിയോടെ കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്‌നിക്കുമായി ചെന്നിത്തലയും ഉമ്മന്‍ ചാണ്ടിയും ചര്‍ച്ചനടത്തി. ഇതിന് ശേഷം പത്തരയോടെ പാര്‍ട്ടി അധ്യക്ഷ സോണിയ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി.
പുതിയ കെ.പി.സി.സി പ്രസിഡന്റിന്റെ പ്രഖ്യാപനം വൈകില്ലെന്നാണ് പ്രതീക്ഷയെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം രമേശ് ചെന്നിത്തല പറഞ്ഞു. എത്രയും വേഗം തീരുമാനം വേണമെന്ന് സോണിയ ഗാന്ധിയോട് അഭ്യര്‍ഥിച്ചതായും അദ്ദേഹം അറിയിച്ചു
പി.സി.സി അധ്യക്ഷ സ്ഥാനത്തേക്ക് സ്പീക്കര്‍ ജി.കാര്‍ത്തികേയന്റെ പേരിനാണ് ഇപ്പോഴും മുന്‍തൂക്കം. എ.ഐ.സി.സി സെക്രട്ടറിയും ചെറുപ്പക്കാരനും രാഹുല്‍ ഗാന്ധിയുടെ നല്ല പുസ്തകത്തില്‍ സ്ഥാനം നേടിയ നേതാവുമായ വി.ഡി സതീശന്റെ പേരും പരിഗണിക്കുന്നുണ്ട്.
ടി.എന്‍ പ്രതാപനും വി.ടി ബല്‍റാമും ഉള്‍പ്പടെയുള്ള ചിലര്‍ സുധീരന്റെ പേര് മുന്നോട്ട് വെക്കുന്നുണ്ട്.
എന്നാല്‍ സംസ്ഥാന നേതാക്കളുടെ അഭിപ്രായം മറികടന്ന് സതീശനെ ഏകപക്ഷീയമായി പ്രസിഡന്റാക്കുമോ എന്നാണ് ഉയരുന്ന ചോദ്യം. ചെറുപ്പക്കാര്‍ നേതൃത്വത്തില്‍ വരണമെന്ന രാഹുല്‍ ഗാന്ധിയുടെ നിലപാടായിരിക്കും അതിന് നിമിത്തമാകുക. എ.കെ.ആന്റണിയുടെ നിലപാടും നിര്‍ണായകമാകും.
കാര്‍ത്തികേയന്‍ പി.സി.സി പ്രസിഡന്റായാല്‍ നിലവിലെ ഡെപ്യൂട്ടി സ്പീക്കര്‍ എന്‍ ശക്തന്‍ സ്പീക്കറായേക്കും. ഒഴിവ് വരുന്ന ഡെപ്യൂട്ടി സ്പീക്കര്‍ പദവിയിലേക്ക് കെ അച്യുതന്റെയും ടി.എന്‍ പ്രതാപന്റെയും പേരുകളാണ് പരിഗണനയിലുള്ളത്.
മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനും ദല്‍ഹിയിലുണ്ട്. എ.ഐ.സി.സി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്‌നിക്കുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി. ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും വാസ്‌നിക്കുമായി ചര്‍ച്ചനടത്തി മടങ്ങിയതിന് പിന്നാലെയാണ് തിരുവഞ്ചൂര്‍ അദ്ദേഹത്തെ കണ്ടത്.