Published On:Saturday, January 25, 2014
മാധ്യമപ്രവര്‍ത്തകരെ പടിക്ക് പുറത്താക്കി ഗണേഷ് മാധ്യമമേധാവിയെ മിന്നുകെട്ടി
കൊട്ടാരക്കര: മുഹൂര്ത്തവേളയില് മാധ്യമപ്രവര്‍ത്തകരെ പുറത്തുനിര്‍ത്തിയ മുന്‍മന്ത്രി കെ.ബി. ഗണേഷ്കുമാര് ദൃശ്യമാധ്യമമേധാവിയെ മിന്നുകെട്ടി. പിതാവ് ആര്. ബാലകൃഷ്ണപിള്ളയുടെ കൊട്ടാരക്കര, വാളകം കീഴൂട്ട് വീട്ടില്‍ ഇന്നലെ ഉച്ചകഴിഞ്ഞു 12.30-നായിരുന്നു ഗണേഷ്കുമാറും ഏഷ്യാനെറ്റ് മിഡില്‍ ഈസ്റ്റ് മാര്‍ക്കറ്റിംഗ് വിഭാഗം മേധാവി ബിന്ദുമേനോനുമായുള്ള വിവാഹം. ഇരുവര്‍ക്കുമിത് രണ്ടാംവിവാഹമാണ്.വധു തലേന്നുതന്നെ കീഴൂട്ട് തറവാട്ടില്‍ ഗൃഹപ്രവേശം നടത്തിയെങ്കിലും ഇന്നലെ രാവിലെയാണു വരന് പത്തനാപുരത്തുനിന്ന് എത്തിയത്. ഇരുവരെയും അണിയിച്ചൊരുക്കാന്‍ വീട്ടില്‍ ബ്യൂട്ടീഷന് തയാറായിരുന്നു. വീടിനു സമീപമുള്ള കുടുംബക്ഷേത്രത്തിലാണു വിവാഹമെന്നു പറഞ്ഞിരുെന്നങ്കിലും ഒടുവിലതു മാറ്റി. കീഴൂട്ട് വീട്ടിലെ ഹാളില്‍ കതിര്‍മണ്ഡപമൊരുക്കി. പുലിക്കോട് കേശവന് നമ്പൂതിരി കാര്‍മികത്വം വഹിച്ചു. അടുത്ത ബന്ധുക്കളെയും സിനിമാ-മാധ്യമരംഗത്തെ ഉന്നതരെയും മാത്രമേ കല്യാണവീട്ടിലേക്കു കടത്തിവിട്ടുള്ളൂ. ചടങ്ങ് റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകരെ വിവാഹം കഴിഞ്ഞ് 15 മിനിട്ടിനുശേഷമാണു വീടിനുള്ളില്‍ കടത്തിയത്. തുടര്‍ന്നു വീട്ടില്‍തന്നെ ഒരുക്കിയ സദ്യയില്‍ വധൂവരന്മാരും അതിഥികളും പങ്കെടുത്തു.
