Published On:Monday, January 27, 2014
ജയിലില്‍ അയാള്‍ 'കഥ'യെഴുതുകയാണ്; ബിജു രാധാകൃഷ്ണന്റെ നോവലില്‍ നായികമാര്‍ മൂന്ന്
സോളാര്‍ തട്ടിപ്പുകാരന്‍ ബിജു രാധാകൃഷ്ണന്‍ നോവലിസ്റ്റ് ബിജു രാധാകൃഷ്ണനാകുന്നു...! അതെ, ജയിലില്‍ 'അയാള്‍ കഥ എഴുതുകയാണ്.'! നായകന്‍ ബിജു തന്നെ, നായികമാര്‍ ഒന്നല്ല, മൂന്നാണ്. ഒരാള്‍ക്ക് അല്‍പം വില്ലത്തി പരിവേഷമുണ്ട്.. സീരിയലുകളുടെ കാലഘട്ടത്തില്‍ വില്ലത്തി ഇല്ലാതെ എന്തു നോവല്‍? നോവലിന്റെ പേര് സോളാറിനെ അനുസ്മരിപ്പിക്കുന്നതാണ്, പുനര്‍ജന്മം കൊതിക്കുന്ന സൂര്യകാന്തിപ്പൂക്കള്‍.!റിമാന്‍ഡ് കാലത്ത് ജയിലില്‍ കഴിയവേ തുടങ്ങിയ നോവലെഴുത്ത് ഇപ്പോള്‍ അമ്പതു പേജോളം പൂര്‍ത്തിയായെന്നാണ് റിപ്പോര്‍ട്ട്. ബിജുവിന്റെ നായകന്റെ പേര് മുകുന്ദന്‍. ആള് നോവലിസ്റ്റാണ്. ഭാര്യയെ കൊലപ്പെടുത്തിയെന്നാരോപിച്ച് കള്ളക്കേസില്‍ കുടുക്കി ജീവപര്യന്തം തടവ് അനുഭവിക്കുകയാണ്. മുകുന്ദന്‍, അയാളുടെ പത്രപ്രവര്‍ത്തകയായ മകള്‍ അമ്മു, ഡല്‍ഹി കേന്ദ്രമാക്കി ഉന്നതങ്ങളില്‍ ദല്ലാള്‍ പണി ചെയ്യുന്ന യമുനാദേവി എന്നിവരെ ചുറ്റിപ്പറ്റിയാണ് കഥ വികസിക്കുന്നത്. സൂര്യനെ സ്‌നേഹിച്ച സൂര്യകാന്തിപ്പൂവ്, വീണ്ടും യയാതി എന്നീ രണ്ടു 'ബെസ്റ്റ് സെല്ലറു'കളുടെ സൃഷ്ടാവാണ് മുകുന്ദന്‍.
ജയിലില്‍വച്ച് മുകുന്ദന്‍ നോവല്‍ എഴുതുന്നതാണ് ഇതിവൃത്തം. തന്നെ അഴിക്കുള്ളിലാക്കിയവരെ നോവലിലൂടെ അനാവരണം ചെയ്യാനാണ് മുകുന്ദന്റെ (ബിജുവിന്റെ) ശ്രമം. ഭാര്യ രശ്മിയെ കൊലപ്പെടുത്തിയ കേസില്‍ ജീവപര്യന്തം ശിക്ഷ വിധിച്ചതോടെ ബിജുവിനെ തിരുവനന്തപുരത്തെ സെന്‍ട്രല്‍ ജയിലിലേക്കു മാറ്റുന്നതോടെ നോവല്‍ എഴുത്തിന് വേഗം കൈവരിക്കുമെന്നാണ് കരുതുന്നത്. എത്രയും വേഗം നോവല്‍ പൂര്‍ത്തീകരിക്കാനാണ് ബിജുവിന്റെ ശ്രമം.
എന്നാല്‍ ആത്മകഥാംശമുള്ള നോവല്‍ പൂര്‍ത്തിയാക്കിയാലും പ്രസിദ്ധീകരിക്കാന്‍ കോടതിയുടെ അനുമതി വേണ്ടിവരുമെന്നാണ് കരുതുന്നത്. കോടതി അനുവദിച്ചാല്‍ മാത്രമേ പ്രസിദ്ധീകരണത്തിന് നല്‍കാന്‍ കഴിയൂ എന്നാണ് കരുതുന്നത്. കോടതിയുടെ അനുമതിയോടെ നോവല്‍ പ്രസിദ്ധീകരണത്തിന് ജയില്‍വകുപ്പിന്റെ അനുവാദത്തിനായി ജയില്‍ സൂപ്രണ്ട് മുഖാന്തിരം ബിജു രാധാകൃഷ്ണന്‍ ജയിലധികൃതര്‍ക്ക് അപേക്ഷ സമര്‍പ്പിച്ചിരിക്കുകയാണ്. ബിജു അറസ്റ്റിലായ കേസിനോട് നോവലിന്റെ കഥയ്ക്കും സമാനതകള്‍ ഉള്ളതിനാലാണ് ജയില്‍ സൂപ്രണ്ട് കോടതിക്ക് അപേക്ഷ നല്‍കാന്‍ നിര്‍ദേശിച്ചത്.
