Headlines
Published On:Wednesday, January 29, 2014

ആറുകോടിയുടെ സ്വര്‍ണ്ണം മോഷ്ടിച്ച യുവാവ് ചാനലിലെത്തി കീഴടങ്ങി

ഒടുവില്‍ പഞ്ചഗുട്ടയിലെ തനിഷ്‌ക് ജ്വല്ലറിയില്‍ നിന്നും മോഷ്ട്ടിച്ച് ആറു കോടിയുടെ സ്വര്‍ണം തിരിച്ചുകിട്ടി. മോഷ്ടാവ് തന്നെയാണ് മോഷണ മുതല്‍ തിരിച്ചു നല്‍കിയത്. മോഷണം നടന്ന് ഒരു ദിവസം കഴിഞ്ഞിട്ടും മോഷ്ടാക്കളെ പിടികൂടാനാവാതെ പോലീസ് ഇരുട്ടില്‍ തപ്പുകയായിരുന്നു. അപ്പോഴാണ് മോഷ്ടാവ് ചാനലിലെത്തി കീഴടങ്ങിയത്.
ശനിയാഴ്ചയാണ് നഗരത്തെ നടുക്കിയ സ്വര്‍ണമോഷണം അരങ്ങേറിയത്. തനിഷ്‌ക്കിന്റെ ഷോറൂമില്‍ നിന്നും 30 കിലോഗ്രാം (23 കോടിരൂപ) സ്വര്‍ണം മോഷ്ടാക്കള്‍ അപഹരിച്ചു എന്നാണ് ജ്വല്ലറി ഉടമകള്‍ നല്‍കുന്ന വിവരം. ജ്വല്ലറിയുടെ പിറകുവശത്ത് തുരങ്കമുണ്ടാക്കിയായിരുന്നു മോഷണം.
മോഷണം നടന്ന് ഒരു ദിവസം കഴിഞ്ഞപ്പോള്‍ സ്വകാര്യ തെലുങ്കുചാനലിലെത്തിയ കിരണ്‍(23) മോഷണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുകയും ചാനല്‍ സംഘത്തോടൊപ്പം വീട്ടിലെത്തി കളവ് മുതല്‍ കാണിക്കുകയും ചെയ്തു. തനിക്കു കീഴടങ്ങണം എന്നുമാത്രമായിരുന്നു യുവാവിന്റെ ആവശ്യം.
മോഷണം നടത്തിയത് ഇന്നത്തെ രാഷ്ട്രീയക്കാരോടുള്ള പ്രതിഷേധമായിട്ടാണെന്നും യുവാവ് കൂട്ടിച്ചേര്‍ത്തു. ജനങ്ങളുടെ ശ്രദ്ധകിട്ടാന്‍ വേണ്ടി ചെയ്തതാണിത്. രാഷ്ട്രീയക്കാര്‍ രാജ്യം കൊള്ളയടിക്കുന്നത് തന്നെ ഏറെ അസ്വസ്ഥനാക്കുന്നുണ്ട്. ഞാനും രാഷ്ട്രീയക്കാരും തമ്മില്‍ വലിയ വ്യത്യാസമൊന്നുമില്ല. ഞാനൊരു ദിവസം കൊണ്ട് മോഷ്ട്രിച്ചു. അവര്‍ കാലാകാലങ്ങളായി അവര്‍ മോഷ്ടിച്ചു കൊണ്ടിരിക്കുകയാണെന്നും കിരണ്‍ പറയുന്നു. റസൂല്‍പൂരിലെ വീട്ടില്‍ നിന്നാണ് കിരണിനെ പോലീസ് അറസ്റ്റ് ചെയ്തത്.
എന്നാല്‍ യുവാവില്‍ നിന്നും പോലീസിന് ആറുകോടിയുടെ സ്വര്‍ണം മാത്രമാണ് കണ്ടെത്താന്‍ കഴിഞ്ഞത്. അതേസമയം സിസിടിവി ദൃശ്യങ്ങളില്‍ മുടന്തനായ ഒരാളാണ് മോഷണം നടത്തുന്നത്. കിരണിന് മുടന്തില്ല. എന്നാല്‍ ഇയാളുടെ കൂട്ടുകാരനില്‍ ഒരാള്‍ മുടന്തനാണെന്ന് പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ദൃശ്യങ്ങളില്‍ സ്‌ക്രൂഡ്രൈവര്‍ കൈമാറുന്നതായി കാണുന്നുണ്ട്. ഇത് ഒന്നിലധികം പേര്‍ മോഷണത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ട് എന്നതിന് തെളിവാണെന്ന് പോലീസ് പറയുന്നു.
ഗുനടൂര്‍ ജില്ലയിലെ ഇപൂരില്‍ നിന്നുള്ള കിരണ്‍ ഒരു പോലീസ് കേസിലും പ്രതിയല്ലെന്ന് അന്വേഷണ സംഘം അറിയിച്ചിട്ടുണ്ട്. സാധാരണ ജീവിതം നയിച്ചിരുന്ന വ്യക്തിയായിരുന്നു കിരണെങ്കിലും മോഷണം പ്രൊഫഷണല്‍ രീതിയിലായിരുന്നെന്നും പോലീസ് പറഞ്ഞു. പോലീസ് നായ മണം പിടിക്കാതിരിക്കാന്‍ മുറിയില്‍ മുളക് വിതറിയാണ് സംഘം രക്ഷപ്പെട്ടത്. മുഖം മനസ്സിലാകാതിരിക്കാനും വിരലടയാളം ലഭിക്കാതിരിക്കാനും സംഘം ശ്രമിച്ചിരുന്നതായും പോലീസ് അറിയിച്ചിട്ടുണ്ട്. വെളിച്ചം അണച്ചിരുന്നതിനാല്‍ അണച്ചതിനാല്‍ സിസിടിവിയില്‍ ആളുകളുടെ ദൃശ്യങ്ങളും പതിഞ്ഞിരുന്നില്ല. കിരണിന്റെ ബന്ധുവായ ആനന്ദിനും കുറ്റകൃത്യത്തില്‍ പങ്കുള്ളതായാണ് പോലീസ് സംശയിക്കുന്നുണ്ട്.