Headlines
Published On:Wednesday, January 29, 2014

ഫേസ്ബുക്കില്‍ വ്യാജ ഫോട്ടോ പോസ്റ്റ് ചെയ്ത യുവാവ് അറസ്റ്റില്‍

ഫേസ്ബുക്ക് പ്രൊഫൈലില്‍ പതിനഞ്ചുകാരിയായ പെണ്‍കുട്ടിയോടൊപ്പം നില്‍ക്കുന്ന ഫോട്ടോ പോസ്റ്റ് ചെയ്ത് സുഹൃത്തുക്കള്‍ക്ക് അയച്ചുകൊടുത്ത യുവാവ് അറസ്റ്റില്‍. ഇടുക്കി ചിത്തിരപുരം ബൈസന്‍വാലി ഉടുമ്പുംമല ഷെറിന്‍ രാജാ(28)ണ് അറസ്റ്റിലായത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. കോഴഞ്ചേരിയില്‍നിന്നാണു ഷെറിന്‍ പിടിയിലായത്. ഇയാള്‍ കുറച്ചുനാളായി പത്തനംതിട്ട കോഴഞ്ചേരി കാലംവേലി നെല്ലിക്കാലായില്‍ മരംകൊള്ളിയിലാണു താമസം.

അയര്‍ക്കുന്നം സ്വദേശിനിയായ പത്താംക്ലാസുകാരിയുടെ പരാതിയെ തുടര്‍ന്നാണു പോലീസ് കേസ് എടുത്തത്. ഒന്നര വര്‍ഷം മുമ്പ് മിസ്‌കോളിലൂടെയാണു പെണ്‍കുട്ടിയുമായി ഇയാള്‍ പരിചയപ്പെട്ടത്. തുടര്‍ന്ന് ഫേസ്ബുക്കിലൂടെ മെസേജുകള്‍ കൈമാറുകയും ചെയ്തിരുന്നു. എംബിഎ ബിരുദധാരിയായ ഷെറിന്‍ പലപ്പോഴും പെണ്‍കുട്ടിയെ കോട്ടയത്തു വിളിച്ചുവരുത്തിയിരുന്നു.

ഒരു ദിവസം കോട്ടയത്ത് എത്തിയ പെണ്‍കുട്ടി പണം എടുക്കുവാനായി എടിഎമ്മില്‍ കയറി. ഈസമയം ഷെറിന്‍ മൊബൈല്‍ഫോണില്‍ തന്റെ ഫോട്ടോ എടുത്തിരുന്നതായി പെണ്‍കുട്ടി പോലീസിനോടു പറഞ്ഞു. ഈ ഫോട്ടോ ഷെറിന്റെ ഫോട്ടോയോടു ചേര്‍ത്ത് ദമ്പതികളെന്നു തെറ്റിദ്ധരിപ്പിക്കുന്ന രീതിയിലാണു പോസ്റ്റുചെയ്തത്. പെണ്‍കുട്ടിയുടെയും ഷെറിന്റെയും പേരുകള്‍ മാറ്റിയാണു പോസ്റ്റ് ചെയ്തിരുന്നത്. ഐടി ആക്ട് പ്രകാരമാണു കേസെടുത്തത്.