Headlines
Published On:Thursday, January 30, 2014

റിട്ട. കേണല്‍ വെടിയുതിര്‍ത്തു; രണ്ടു പേര്‍ ആശുപത്രിയില്‍ -തലസ്‌ഥാനത്തു ഭീകരാന്തരീക്ഷം

റിട്ടയേര്‍ഡ്‌ കേണല്‍ നാട്ടുകാര്‍ക്കുനേരേ വെടിയുതിര്‍ത്തു. വെടിയേറ്റ രണ്ടു പേരെ തിരുവനന്തപുരം മെഡിക്കല്‍ കോളജ്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വയറിനു വെടിയേറ്റ വലിയവിള സ്വദേശി വെങ്കിടേശ്വര റാവു (54) രാത്രിവൈകിയും അപകടനില തരണംചെയ്‌തിട്ടില്ല. വലിയവിള സ്വദേശി മനോജ്‌ (35) സുഖംപ്രാപിച്ചുവരുന്നതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. വലതു തുടയ്‌ക്കു വെടിയേറ്റ മനോജിനെയും വെങ്കിടേശ്വര റാവുവിനെയും അടിയന്തരശസ്‌ത്രക്രിയയ്‌ക്കു വിധേയമാക്കി. ഇരുവരും തീവ്രപരിചരണവിഭാഗത്തിലാണ്‌. സംഭവവുമായി ബന്ധപ്പെട്ടു റിട്ട. കേണല്‍ ബ്രല്‍വി (67)യെ പോലീസ്‌ കസ്‌റ്റഡിയിലെടുത്തു.
സംഭവത്തെക്കുറിച്ചു നാട്ടുകാര്‍ പറയുന്നതിങ്ങനെ: ഇന്നലെ രാത്രി ഏഴരയോടെയാണു വലിയവിള ജംഗ്‌ഷനു സമീപം നാടകീയ സംഭവങ്ങള്‍ക്കു തുടക്കം. റിട്ട. കേണല്‍ ബ്രല്‍വി പൂജപ്പുര വലിയവിള മൈത്രിനഗറിലുള്ള അനുപമ എന്ന വീട്ടിലേക്കു കാറില്‍ മടങ്ങിവരുന്നതിനിടെ റോഡില്‍ നിര്‍ത്തിയിട്ടിരുന്ന ഓട്ടോറിക്ഷാ ഡ്രൈവറുമായി വാക്കേറ്റമുണ്ടായി. നാട്ടുകാരും ഓട്ടോറിക്ഷ ഡ്രൈവര്‍ക്കൊപ്പം ചേര്‍ന്നതോടെ സ്‌ഥിതി രൂക്ഷമായി. കൂടുതല്‍ ആള്‍ക്കാര്‍ അടുത്തുകൂടിയതോടെ ക്ഷുഭിതനായ കേണല്‍ കാണിച്ചുതരാമെന്നു ഭീഷണിപ്പെടുത്തി വീട്ടിലേക്കു പോയി. അരമണിക്കൂറിനുശേഷം വാക്കിംഗ്‌സ്‌റ്റിക്കും ഒളിപ്പിച്ചുവച്ച തോക്കുമായി മടങ്ങിയെത്തി. വാക്കുതര്‍ക്കമുണ്ടായ സ്‌ഥലത്ത്‌ ഉണ്ടായിരുന്ന ചിലരെ വാക്കിംഗ്‌ സ്‌റ്റിക്ക്‌ ഉപയോഗിച്ച്‌ അടിച്ചു. വാക്കിംഗ്‌സ്‌റ്റിക്ക്‌ പിടിച്ചുവാങ്ങി തിരിച്ചടിച്ച നാട്ടുകാര്‍ക്കുനേരേ അരയില്‍ ഒളിപ്പിച്ച തോക്ക്‌ ഉപയോഗിച്ച്‌ ബ്രല്‍വി നിറയൊഴിച്ചു. തുടരെയുള്ള വെടിശബ്‌ദം കേട്ടു നാട്ടുകാര്‍ ചിതറിയോടി. അതിനിടെയാണു മനോജ്‌, വെങ്കിടേശ്വര റാവു എന്നിവര്‍ക്കു വെടിയേറ്റത്‌. സ്‌ഥലത്തെത്തിയ പോലീസ്‌ പരുക്കേറ്റവരെ മെഡിക്കല്‍ കോളജ്‌ ആശുപത്രിയിലേക്കു മാറ്റി. കേണല്‍ ഉപയോഗിച്ച .32 പിസ്‌റ്റണ്‍ പോലീസ്‌ കസ്‌റ്റഡിയിലെടുത്തു.
മനോജിന്റെ തുടയില്‍ തറച്ച ബുള്ളറ്റ്‌ എല്ലിനു ക്ഷതമുണ്ടാക്കിയതായി മെഡിക്കല്‍ കോളജ്‌ അധികൃതര്‍ അറിയിച്ചു. കേണലിനെ ജനറല്‍ ആശുപത്രിയില്‍ പോലീസ്‌ വൈദ്യപരിശോധനയ്‌ക്കു വിധേയനാക്കി.
റിട്ട. കേണല്‍ ബ്രല്‍വി മദ്യപിച്ചിരുന്നതായി നാട്ടുകാര്‍ ആരോപിച്ചു. രാത്രിയില്‍ നാട്ടുകാര്‍ കേണലിന്റെ വീട്ടിലേക്കു മാര്‍ച്ച്‌ നടത്തി. വീടിന്റെ ചില്ലുകള്‍ കല്ലേറില്‍ തകര്‍ന്നു. വന്‍ പോലീസ്‌ സാന്നിധ്യത്തിലും രാത്രി വൈകിയും സംഘര്‍ഷാവസ്‌ഥ തുടര്‍ന്നു.