Headlines
Published On:Wednesday, January 29, 2014

ഫഹദും നസ്രിയയും യാത്ര പോകുന്നു

ജീവിതത്തിലെ ദൂരങ്ങൾ ഒരുമിച്ച് താണ്ടാൻ തീരുമാനിച്ച യുവനടൻ ഫഹദ് ഫാസിലും നടി നസ്രിയയും അതിനു മുന്പ് ചെറിയൊരു യാത്ര പോവുകയാണ്. സന്തോഷ് നായർ സംവിധാനം ചെയ്യുന്ന മണിരത്നം എന്നു പേരിട്ടിരിക്കുന്ന സിനിമയ്ക്കു വേണ്ടി മൂന്നാറിൽ നിന്ന് മറയൂരിലേക്കാണ് ആ യാത്ര. അനിൽ നാരായണനും അജിത് സി. ലോകേഷും ചേർന്നാണ് മണിരത്നം എന്ന സിനിമയ്ക്ക് തിരക്കഥ ഒരുക്കുന്നത്.

ഓഡി കാർ ഷോറൂമിലെ ഒരു എക്സിക്യൂട്ടീവിന്റെ വേഷമാണ് ഫഹദിന്റേത്. ഫഹദിന്റെ പ്രതിശ്രുത വധുവിന്റെ വേഷമാണ് നസ്രിയയുടേത്. ചിത്രത്തിന്റെ കഥ സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്താനാവില്ലെന്ന് സംവിധായകൻ പറഞ്ഞു. ജൂൺ മാസത്തോടു കൂടി ഷൂട്ടിംഗ് ആരംഭിക്കാനാണ് പദ്ധതി.

മലയാളത്തിൽ ഇരുവരും ഒന്നിക്കുന്നത് രണ്ടാം തവണയാണ്. അഞ്ജലി മേനോൻ സംവിധാനം ചെയ്യുന്ന ബാംഗ്ളൂർ ഡേയ്സ് എന്ന ചിത്രത്തിലാണ് ഇവർ ആദ്യമായി ഒന്നിക്കുന്നത്. ചിത്രത്തിന്റെ ഷൂട്ടിംഗ് നടന്നു വരികയാണ്.