Published On:Friday, January 31, 2014
വിവാഹത്തോടെ ഗണേഷ്‌കുമാര്‍ ഉഷാറായി; ചെന്നിത്തലയ്‌ക്കും സര്‍ക്കാരിനും ആക്രമണം; ഗണേഷ്‌കുമാറിനോട് കളിച്ചാല്‍ ഇങ്ങനെയിരിക്കും!
തിരുവനന്തപുരം: മന്ത്രിസ്ഥാനം ലഭിക്കാത്തതിനാല്‍ പിള്ളയും ഗണേശനും യുഡിഎഫിനെതിരെ കുരിശുയുദ്ധം പ്രഖ്യാപിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ നിയമസഭയിലെ ശ്രദ്ധക്ഷണിക്കലിലൂടെ ഭരണപക്ഷത്തെ വെട്ടിലാക്കിയ കെ.ബി. ഗണേഷ്‌കുമാര്‍ സര്‍ക്കാരിനോടുള്ള കേരളാ കോണ്‍ഗ്രസി(ബി)ന്റെ അതൃപ്‌തിയും വ്യക്തമാക്കി. സഭയില്‍ മാന്യമായി മാത്രം പ്രതികരിക്കുകയും അനാവശ്യ പ്രസ്‌താവനകളോ തര്‍ക്കങ്ങളോ നടത്തുകയും ചെയ്‌ത് പതിവില്ലാത്ത ഗണേഷ് കുമാര്‍ പതിവ് രാഷ്ട്രീയ നേതാവിന്റെ രീതിയില്‍ ചെന്നിത്തലയെയും സര്‍ക്കാരിനെയും ആക്രമിക്കുന്നത് കണ്ടുനിന്നവര്‍ അന്തിച്ചു. ഗണേഷ്‌കുമാര്‍ ഇങ്ങനെ മാറിയോ.പൊതുമേഖലാസ്‌ഥാപനങ്ങളെ മധ്യവര്‍ത്തികളാക്കി സര്‍ക്കാര്‍പദ്ധതികള്‍ നടപ്പാക്കുന്നതിലൂടെ ഖജനാവിനു നഷ്‌ടമുണ്ടാകുന്നുവെന്ന ഗണേഷ്‌കുമാറിന്റെ വിമര്‍ശനം പ്രതിപക്ഷം കൈയടിച്ചു വരവേറ്റു.
പ്രകടനപത്രികയുടെ അടിസ്‌ഥാനത്തില്‍ മാത്രമാകും സര്‍ക്കാരിനുള്ള പിന്തുണയെന്നു നേരത്തേ പാര്‍ട്ടി ചെയര്‍മാന്‍ ആര്‍. ബാലകൃഷ്‌ണപിള്ള പ്രഖ്യാപിച്ചതിന്റെ പ്രതിഫലനമായിരുന്നു ഗണേഷിന്റെ പ്രകടനം. പട്ടികജാതിക്കാരുടെ കോളനി നിര്‍മിക്കാന്‍പോലും ഇത്തരമൊരു ഏജന്‍സിയെയാണു നിയോഗിച്ചതെന്നും പാവങ്ങള്‍ക്കുള്ള ഫണ്ട് പോലും അവര്‍ കൊണ്ടുപോകുകയാണെന്നും ഗണേഷ് കുറ്റപ്പെടുത്തിയപ്പോള്‍ സ്‌പീക്കറും പിന്തുണച്ചു. എന്നാല്‍, വ്യക്‌തമായ മാര്‍ഗനിര്‍ദേശത്തിന്റെ അടിസ്‌ഥാനത്തിലാണു പൊതുമേഖലാസ്‌ഥാപനങ്ങളെ ചുമതലയേല്‍പിക്കുന്നതെന്നു മുഖ്യമന്ത്രിക്കുവേണ്ടി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല വ്യക്‌തമാക്കി. കാലതാമസവും ടെന്‍ഡര്‍ ആധിക്യവും ഒഴിവാക്കാനാണിത്. മാര്‍ഗനിര്‍ദേശങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കും.
രമേശിന്റെ മറുപടി ഗണേഷിനെ തൃപ്‌തനാക്കിയില്ല. ഈ ഉത്തരം അങ്ങയുടെ തലയില്‍ കെട്ടിവച്ചതാണെന്നായിരുന്നു പ്രതികരണം. ഫോറസ്‌റ്റ് ഇന്‍ഡസ്‌ട്രീസ് കോര്‍പറേഷനെ പട്ടികജാതിവകുപ്പിന്റെ നിര്‍മാണജോലി ഏല്‍പിച്ചതിന്റെ യുക്‌തി ഗണേഷ് ചോദ്യംചെയ്‌തു. കൊച്ചി മെട്രോയ്‌ക്കുവേണ്ടി തലസ്‌ഥാനത്ത് ഓഫീസ് തുടങ്ങിയപ്പോള്‍ 24,000 രൂപ വിലയുള്ള മേശ ഇത്തരമൊരു സ്‌ഥാപനത്തില്‍നിന്ന് 64,000 രൂപയ്‌ക്കാണു വാങ്ങിയത്. ഗണേഷ് ഒന്നൊന്നായി ആരോപണങ്ങള്‍ തൊടുത്തപ്പോള്‍ പ്രതിപക്ഷം കൈയടിച്ചു നിര്‍ലോഭം പ്രോത്സാഹിപ്പിച്ചു.
സര്‍ക്കാരിനു നേരിട്ട് ഏറ്റെടുക്കാന്‍ പറ്റാത്തതിനാലാണു പട്ടികജാതി കോളനികളുടെ നിര്‍മാണം ഏജന്‍സിയെ ഏല്‍പിച്ചതെന്നു മന്ത്രി എ.പി. അനില്‍കുമാര്‍ മറുപടി നല്‍കി. എം.എല്‍.എമാരുടെയും അഭിപ്രായമാരാഞ്ഞാണ് ഇതു ചെയ്‌തത്. എന്നാല്‍, പരാതി ഉയരുന്ന സാഹചര്യത്തില്‍ എന്തുവേണമെന്നു പരിശോധിക്കും. നിയമസഭയ്‌ക്കുവേണ്ടി ഒരു അംഗീകൃതസ്‌ഥാപനത്തില്‍നിന്നു ഫര്‍ണിച്ചര്‍ വാങ്ങിയപ്പോഴും തട്ടിപ്പു നടന്നതായി സ്‌പീക്കര്‍ ജി. കാര്‍ത്തികേയന്‍ ചൂണ്ടിക്കാട്ടി. പരിശോധനയില്‍ തട്ടിപ്പു കണ്ടെത്തിയതോടെ ഫര്‍ണിച്ചര്‍ വാഹനത്തില്‍നിന്ന് ഇറക്കാതെ തിരിച്ചയയ്‌ക്കുകയും കമ്പനിയെ കരിമ്പട്ടികയില്‍പെടുത്തുകയും ചെയ്‌തു. എന്തായാലും പുനര്‍വിവാഹത്തോടെ ഗണേഷ്‌കുമാര്‍ ഒന്നുഷാറായി എന്നാണ് പ്രതിപക്ഷബഞ്ചിലെ സംസാരം.
