Published On:Tuesday, January 21, 2014
നടന്‍ അശോകന്റെ സഹോദരങ്ങളുടെ നേതൃത്വത്തില്‍ വ്യാജസ്വര്‍ണത്തട്ടിപ്പ്
സ്വര്‍ണം വിറ്റ് കാശുണ്ടാക്കുന്നവരെ കണ്ടാല്‍ ജ്വല്ലറിക്കാര്‍ക്ക് എന്നും ആവേശമാണ്. ചുരുങ്ങിയ തുക നല്‍കി സ്വര്‍ണം വാങ്ങാം. വന്‍വിലയ്‌ക്ക് വില്‍ക്കാം എന്നൊക്കെയാകും അവരുടെ സ്വപ്‌നങ്ങള്‍. എന്നാല്‍ കിലോക്കണക്കിന് വ്യാജസ്വര്‍ണവുമായെത്തി പറ്റിക്കാന്‍ നടക്കുന്നവരുടെ വലയിലും ചിലപ്പോള്‍ സ്വര്‍ണക്കടക്കാര്‍ വീണുപോകാറുണ്ട്. എന്നാല്‍ മരടില്‍ കഴിഞ്ഞ ദിവസം നാല് കിലോ സ്വര്‍ണം വില്‍ക്കാനെത്തിയവരുടെ ഇടപെടലില്‍ സംശയം തോന്നിപിടിച്ചപ്പോള്‍ എല്ലാം വ്യാജന്‍.
പിടിയിലായതോ സാക്ഷാല്‍ സിനിമാനടന്‍ അശോകന്റെ രണ്ട് സഹോദരങ്ങള്‍. വ്യാജസ്വര്‍ണം വിറ്റ് ജ്വല്ലറി ഉടമകളെ കബളിപ്പിച്ച് ലക്ഷങ്ങള്‍ തട്ടിയെടുക്കാന്‍ ശ്രമിച്ച സംഭവത്തില്‍ കാക്കനാട് ചിറ്റേത്തുകര കണ്ണങ്കേരി റോഡ് ഹബ് അപ്പാര്‍ട്ടുമെന്റില്‍ പ്രസന്നകുമാര്‍ (61), സഹോദരന്‍ രവിപുരം ആലപ്പാട്ട് ക്രോസ് റോഡ് ഗീതാനിവാസില്‍ ഹരികുമാര്‍ (56) എന്നിവരെയാണ് മരട് പോലീസ് അറസ്റ്റുചെയ്‌തത്.
ഇരുവര്‍ക്കുമെതിരെ വഞ്ചനാക്കുറ്റത്തിനു കേസെടുത്തതിനെത്തുടര്‍ന്നു പ്രതികളെ രണ്ടാഴ്‌ചത്തേക്ക് റിമാന്‍ഡ് ചെയ്‌ത് ജയിലിലേക്കയച്ചു. കുമ്പളം സ്വദേശിയും പൂണിത്തുറ പേട്ടയിലെ ജ്വല്ലറി ഉടമയുമായ രാകേഷ്, സുഹൃത്ത് സ്വര്‍ണവ്യാപാരിയായ മാര്‍ട്ടിന്‍ എന്നിവരുടെ പരാതിയെത്തുടര്‍ന്നാണു ഇരുവരെയും അറസ്റ്റു ചെയ്‌തത്. നാലു കിലോ സ്വര്‍ണം വില്‌പനയ്‌ക്കുണ്ടെന്ന് ധരിപ്പിച്ച് രാകേഷിനെയാണു പ്രതികള്‍ ആദ്യം സമീപിച്ചത്.
കഴിഞ്ഞ വെള്ളിയാഴ്‌ചയാണ് പ്രതികളിലൊരാളായ പ്രസന്നകുമാര്‍ അഞ്ചു ഗ്രാം സാമ്പിള്‍ സ്വര്‍ണവുമായി ജ്വല്ലറിയിലെത്തിയത്. പരിശോധിച്ചപ്പോള്‍ തനി തങ്കമാണെന്ന് ജ്വല്ലറി ഉടമയ്‌ക്ക് ബോധ്യപ്പെട്ടു. തുടര്‍ന്ന് തന്റെ കാക്കനാട്ടെ ഫല്‍റ്റിലെത്തിയാല്‍ നാലു കിലോ സ്വര്‍ണം നല്‌കാമെന്നും അവിടെവച്ച് പണമിടപാടു നടത്തണമെന്നും പറഞ്ഞു. മാര്‍ക്കറ്റ് വിലയേക്കാള്‍ കിലോയ്‌ക്ക് 20,000 രൂപ കുറച്ചുതരാമെന്നായിരുന്നു വാഗ്‌ദാനം. ഇതു സമ്മതിച്ച ജ്വല്ലറി ഉടമ സുഹൃത്തായ പാലാരിവട്ടം സ്വദേശി മാര്‍ട്ടിനുമൊത്ത് ശനിയാഴ്‌ച ഫല്‍റ്റിലെത്തുകയായിരുന്നു.
