Headlines
Published On:Monday, January 20, 2014

സുനന്ദ പുഷ്‌കറിനെ അപമാനിക്കുന്നു; ശശി തരൂരിനെ സംരക്ഷിക്കുന്നു; ഏഷ്യാനെറ്റിനെതിരെ ദേശാഭിമാനി

സുനന്ദപുഷ്‌കറിന്റെ ദുരൂഹമരണവുമായി ബന്ധപ്പെട്ട്‌ മലയാളത്തിലെ ദൃശ്യമാധ്യമങ്ങള്‍ സ്വീകരിക്കുന്ന നിലപാടുകള്‍ വിമര്‍ശിക്കപ്പെടുന്നു. ഇരയുടെ കൂടെ നില്‍ക്കാതെ ശശി തരൂരിനെ സംരക്ഷിക്കുകയും മരിച്ച വ്യക്തിയെ അപകീര്‍ത്തിപ്പെടുത്തുന്ന ആരോപണങ്ങള്‍ ഉന്നയിക്കുകയും ചെയ്യുന്നുവെന്നാണ്‌ വാര്‍ത്താ ചാനലുകള്‍ക്കെതിരായ ആക്ഷേപം. ഇക്കാര്യത്തില്‍ ഏഷ്യാനെറ്റ്‌ സുനന്ദപുഷ്‌കറിനെ അപമാനിക്കാന്‍ നിരന്തരം ശ്രമിക്കുന്നതായി ദേശാഭിമാനി റിപ്പോര്‍ട്ട്‌ ചെയ്‌തു.
ദേശാഭിമാനി റിപ്പോര്‍ട്ടിന്റെ പ്രസക്തഭാഗങ്ങള്‍ താഴെ
സുനന്ദ പുഷ്‌കറിന്റെ മരണവിവരം പുറത്തുവന്ന നിമിഷം മുതല്‍ ഭര്‍ത്താവും കേന്ദ്രമന്ത്രിയുമായ ശശി തരൂരിന്റെ പ്രതിച്ഛായക്ക്‌ പോറലേല്‍ക്കാതെ കാത്തുസൂക്ഷിക്കാനുള്ള ബദ്ധപ്പാടിലായിരുന്നു ഏഷ്യാനെറ്റ്‌ ഉള്‍പ്പെടെയുള്ള പ്രമുഖ മലയാളം ചാനലുകള്‍. തരൂരിന്‌ ഈ സംഭവവുമായി ഒരു ബന്ധവുമില്ലെന്ന്‌ വരുത്തിത്തീര്‍ക്കാന്‍ സുനന്ദയെ മോശമായി ചിത്രീകരിച്ചു. സ്‌ത്രീത്വത്തെത്തന്നെ അപമാനിക്കുംവിധമുള്ള അഭിപ്രായപ്രകടനങ്ങളായിരുന്നു അവതാരകരുടേത്‌. സുനന്ദ മദ്യപാനിയും മനോരോഗിയുമാണെന്ന രീതിയിലുള്ള പരാമര്‍ശങ്ങള്‍ നടത്താന്‍പോലും ഏഷ്യാനെറ്റിന്റെ വാര്‍ത്താ അവതാരക മടിച്ചില്ല. ദേശീയ വാര്‍ത്താചാനലുകള്‍ വസ്‌തുനിഷ്‌ഠമായി വാര്‍ത്ത അവതരിപ്പിക്കുമ്പോഴായിരുന്നു മലയാളം ചാനലുകളുടെ `കണ്ണുപൊത്തിക്കളി`.
സംഭവത്തെ കുറിച്ചുള്ള വൈരുധ്യങ്ങളും ദുരൂഹതകളും പുറത്തുവരുമ്പോഴും കോഴ വാങ്ങി നല്‍കുന്നത്‌ പോലെയുള്ള ഏകപക്ഷീയമായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതില്‍നിന്ന്‌ ചാനലുകള്‍ പിന്‍വാങ്ങിയില്ല. കുടുംബസുഹൃത്തായ നയതന്ത്രജ്ഞനെ അവതരിപ്പിച്ചാണ്‌ ഏഷ്യാനെറ്റ്‌ തരൂരിന്റെ `സന്തുഷ്ടകുടുംബജീവിതത്തിന്‌` സാക്ഷ്യപത്രം നല്‍കിയത്‌. സുനന്ദ മാരകരോഗത്തിന്‌ അടിമയായിരുന്നെന്നും ഇദ്ദേഹം പറഞ്ഞുവച്ചു. അതേസമയം സുനന്ദയെ പരിശോധിച്ച തിരുവനന്തപുരം കിംസ്‌ ആശുപത്രി അധികൃതര്‍ അവര്‍ക്ക്‌ മാരകരോഗമൊന്നും ഉണ്ടായിരുന്നില്ലെന്ന്‌ വ്യക്തമാക്കി. ഏഷ്യാനെറ്റ്‌ നെട്ടോട്ടം തുടര്‍ന്നു. തരൂരിന്റെ സ്റ്റാഫ്‌ അംഗത്തെ അവതരിപ്പിച്ച്‌ `മാഡം വീല്‍ചെയറിലാണ്‌ വിമാനം കയറി പോയതെന്ന്‌` പറയിപ്പിച്ചു. എന്നാല്‍, വീല്‍ചെയറില്‍ സഞ്ചരിച്ച ഭാര്യയെ ഹോട്ടല്‍മുറിയില്‍ തരൂര്‍ തനിച്ച്‌ വിട്ടതെന്തെന്ന സംശയം ചാനല്‍ കണ്ടില്ലെന്ന്‌ നടിച്ചു.
സുനന്ദ ആത്മഹത്യ ചെയ്‌തതാണെന്ന്‌ തുടക്കത്തില്‍ റിപ്പോര്‍ട്ട്‌ ചെയ്‌ത ഏഷ്യാനെറ്റ്‌ ഉള്‍പ്പെടെയുള്ള ചാനലുകള്‍ വൈകാതെ നിലപാട്‌ മാറ്റി. പല രോഗങ്ങളും സുനന്ദയെ അലട്ടിയിരുന്നതായും അവര്‍ ആസന്നമരണാവസ്ഥയില്‍ ആയിരുന്നതായും ചാനലുകള്‍ അവകാശപ്പെട്ടു. കിംസ്‌ ആശുപത്രി അധികൃതര്‍ ഇത്‌ നിഷേധിച്ചെങ്കിലും ഏഷ്യാനെറ്റ്‌ ഉള്‍പ്പെടെയുള്ള ചാനലുകള്‍ വിട്ടില്ല. ആശുപത്രിയിലെ മറ്റ്‌ ചില കേന്ദ്രങ്ങളില്‍നിന്ന്‌ ലഭിച്ച വിവരമനുസരിച്ച്‌ സുനന്ദ കടുത്ത രോഗിയായിരുന്നെന്ന്‌ റിപ്പോര്‍ട്ട്‌ ചെയ്‌തു. വീണ്ടും വരണമെന്ന്‌ ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചത്‌ ഇതിനു തെളിവാണെന്നും അവകാശപ്പെട്ടു.
മരുന്ന്‌ കഴിക്കുന്ന ഏതൊരാളും സമയബന്ധിതമായി പരിശോധനയ്‌ക്ക്‌ വിധേയനാകണമെന്ന വസ്‌തുത പോലും മാനിക്കാതെയാണ്‌ ചാനല്‍ ഈ `തെളിവ്‌` മുന്നോട്ടുവച്ചത്‌. സുനന്ദയുടെ രോഗാവസ്ഥയെ കുറിച്ച്‌ വ്യക്തമായ നിലപാടെടുത്ത ഡോക്ടര്‍മാരെ കടന്നാക്രമിക്കാനും ചാനലുകള്‍ മടിച്ചില്ല. അന്വേഷണം നടക്കുന്ന ഘട്ടത്തില്‍ ചികിത്സയുടെ വിവരങ്ങള്‍ പുറത്തുവിടുന്നത്‌ മെഡിക്കല്‍ എത്തിക്‌സിന്‌ യോജിച്ചതാണോ എന്നായിരുന്നു `മാധ്യമധര്‍മ്മം` മറന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യം. രണ്ട്‌ വര്‍ഷം മുമ്പ്‌ ഓണക്കാലത്ത്‌ തരൂരും സുനന്ദയും ചേര്‍ന്ന്‌ നല്‍കിയ അഭിമുഖവും ഏഷ്യാനെറ്റ്‌ പലതവണ പുനഃസംപ്രേഷണം ചെയ്‌തു. `വര്‍ണപ്പകിട്ടാര്‍ന്ന ദാമ്പത്യം` അവതരിപ്പിച്ചപ്പോള്‍ ഏഷ്യാനെറ്റ്‌ മറന്നുപോയത്‌ തരൂരിന്റെ പരസ്‌ത്രീബന്ധത്തെക്കുറിച്ച്‌ കഴിഞ്ഞദിവസം സുനന്ദ തന്നെ ഉയര്‍ത്തിയ പരാതിയാണ്‌.