Headlines
Published On:Monday, January 20, 2014

തുടര്‍ച്ചയായ രണ്ടാം ദിവസവും പിണറായിക്കെതിനെ വി എസ്; ടി.പി ചന്ദ്രശേഖരന്‍ ഉത്തമനായ കമ്യൂണിസ്റ്റെന്ന് വി.എസ്‌

അക്രമികള്‍ ദാരുണമായി വെട്ടിക്കൊലപ്പെടുത്തിയ ആര്‍.എം.പി നേതാവ് ടി.പി ചന്ദ്രശേഖരന്‍ ഉത്തമനായ കമ്യൂണിസ്റ്റായിരുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍. ടി.പിയുടെ കൊലപാതകികളെ തുറന്ന് കാണിക്കണമെന്നും ഇവരുടെ ദേശവിരുദ്ധബന്ധം അന്വേഷിക്കണമെന്നും വി.എസ് തുറന്നടിച്ചു. ടി.പിയെക്കുറിച്ചുള്ള ഡോക്യുമെന്ററിയിലാണ് വി.എസ് വീണ്ടും ടി.പിയെ പ്രകീര്‍ത്തിച്ച് സംസാരിച്ചത്. 

ടി.പി ധീരനായ കമ്യൂണിസ്റ്റാണെന്ന് വി.എസ് മുമ്പും അഭിപ്രായപ്പെട്ടിരുന്നെങ്കിലും സി.പി.എം ഔദ്യോഗിക പക്ഷം ഈ നിലപാടിന് എതിരായിരുന്നു. വലത് അവസരവാദത്തിന് എതിരെ പോരാടിയ ഉത്തമനായ കമ്മ്യൂണസ്റ്റായിരുന്നു ടി.പിയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. 

കമ്യൂണിസ്റ്റ് നന്‍മക്ക് വേണ്ടി നിലകൊണ്ട ധീരനായിരുന്നു ടി.പി. സ്വര്‍ണക്കടത്ത് കേസിലെ പ്രതി ഫായിസ് ടി.പി കേസിലെ പ്രതികളെ ജയിലില്‍ സന്ദര്‍ശിച്ചതില്‍ ദുരൂഹതയുണ്ടെന്നും വി.എസ് പറഞ്ഞു. ടി.പി കേസിലെ വിധി വരാന്‍ ഒരു ദിവസം മാത്രം ശേഷിക്കെയാണ് വി.എസ് ടി.പിയെ ശക്തമായി അനുകൂലിച്ചു കൊണ്ട് രംഗത്തെത്തിയിരിക്കുന്നത്.