Published On:Monday, January 20, 2014
സുനന്ദ പുഷ്‌കര്‍ ജീവനൊടുക്കിയതെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്
സുനന്ദ പുഷ്‌കര്‍ ജീവനൊടുക്കിയതാകാമെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. മരുന്നിന്റെ അമിത ഉപയോഗത്തെ തുടര്‍ന്ന് സുനന്ദ അബോധാവസ്ഥയിലായെന്നും തുടര്‍ന്നാണ് മരണം സംഭവിച്ചതെന്നും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. സുനന്ദ മരുന്ന് കഴിച്ചത് ബോധപൂര്‍വമാണെന്നും ഇരുപതിലധികം മരുന്നുകള്‍ സുനന്ദ കഴിച്ചിരുന്നെന്നും ഡോക്ടര്‍മാരുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.അതേസമയം മരണത്തിനു മുമ്പ് പിടിവലി നടന്നതായും സുനന്ദയുടെ ശരീരത്തില്‍ പന്ത്രണ്ടിലധികം മുറിപ്പാടുകള്‍ കണ്‌ടെത്തിയെന്നും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ട്. ചില മുറിവുകള്‍ ഭാരം കുറഞ്ഞ വസ്തുകൊണ്ട് അടിച്ചതാണെന്നും മുഖത്തും കയ്യിലും കഴുത്തിലും മുറിവുകളുണ്‌ടെന്നും റിപ്പോര്‍ട്ടിലുണ്ട്. എന്നാല്‍ ഈ മുറിവുകളല്ല മരണകാരണമെന്നും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നുണ്ട്.
സുനന്ദ പുഷ്‌കറിന്റെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് എയിംസ് ആശുപത്രി അധികൃതര്‍ സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റിന് ഇന്നാണ് കൈമാറിയത്. വസന്ത് വീഹാര്‍ സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റ് അലോക് ശര്‍മയ്ക്കാണ് റിപ്പോര്‍ട്ട് നല്‍കിയത്. പോസ്റ്റുമോര്‍ട്ടം നടത്തിയ ഡോക്ടര്‍മാരുടെ പ്രാഥമീക കണ്‌ടെത്തലുകളാണ് റിപ്പോര്‍ട്ടില്‍ കൈമാറിയത്.
ജനുവരി 17 ന് ഡല്‍ഹിയിലെ ലീല പാലസ് ഹോട്ടലിലാണ് സുനന്ദയെ മരിച്ച നിലയില്‍ കാണപ്പെട്ടത്.

