Headlines
Published On:Friday, January 17, 2014

ശശി തരൂരിനോട്‌ സംസാരിക്കാറുണ്ട്‌; മുറിയിലും കാറിലും സമയം ചെലവഴിച്ചിട്ടുണ്ട്‌; മെഹര്‍തരാര്‍

ശശി തരൂരിന്റെ ദാമ്പത്യം രാജ്യത്താകെ വിവാദവിഷയമായി മാറുമ്പോള്‍ അക്ഷരാര്‍ത്ഥത്തില്‍ നായികയായി മാറിയത്‌ ശശിതരൂരിന്റെ കാമുകിയെന്ന്‌ ആരോപിക്കപ്പെടുന്ന മെഹര്‍തരാറാണ്‌. വിമര്‍ശനങ്ങള്‍ ശക്‌തമാകുമ്പോള്‍ സുനന്ദാ പുഷ്‌ക്കറിന്റെ ആരോപണങ്ങള്‍ തള്ളിക്കൊണ്ട്‌ പാക്‌ മാധ്യമപ്രവര്‍ത്തകയായ മെഹര്‍ തരാര്‍ രംഗത്തുവരികയും ചെയ്‌തു. എല്ലാം തരൂരിന്റെ സംശയം മാത്രമാണെന്ന്‌ ഇന്ത്യയിലെ ഒരു പ്രമുഖ മാധ്യമത്തിന്‌ നല്‍കിയ അഭിമുഖത്തില്‍ തരാര്‍ വ്യക്‌തമാക്കി. തരൂരിന്‌ നന്മനേരുന്നെന്നും തരൂരും കുടുംബവും ദീര്‍ഘകാലം സന്തുഷ്‌ട കുടുംബമായി വാഴട്ടെയെന്ന്‌ ആശംസിക്കാനും മെഹര്‍ മറന്നില്ല.

ശശി തരൂരിനെ താന്‍ ഏറെ ബഹുമാനിക്കുന്നുണ്ട്‌. അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ മാനിക്കുന്നു. അദ്ദേഹത്തെ പോലെ കൂടുതല്‍ രാഷ്‌ട്രീയക്കാര്‍ ഉണ്ടാകട്ടെ. ട്വിറ്ററില്‍ ചേര്‍ന്ന കാലം മുതല്‍ താന്‍ പിന്തുടരുന്ന പ്രമുഖരില്‍ ഒരാളാണ്‌ തരൂര്‍. കഴിഞ്ഞ മാര്‍ച്ച്‌ മുതല്‍ അദ്ദേഹം എന്നെയും പിന്തുടരുന്നുണ്ട്‌. 2013 ഏപ്രിലില്‍ ഡല്‍ഹിയിലെ അദ്ദേഹത്തിന്റെ ഓഫീസില്‍ വെച്ചാണ്‌ ആദ്യം തങ്ങള്‍ കണ്ടുമുട്ടിയത്‌. 45 മിനിറ്റ്‌ സംസാരിച്ചു. കാറിനുള്ളില്‍ വെച്ചും അഭിമുഖം തുടര്‍ന്നു. ദുബായില്‍ ഒരു അവാര്‍ഡ്‌ ദാനത്തിനിടയിലും കണ്ടു. പിന്നീട്‌ ചില ഇ മെയിലുകള്‍, ഫോണ്‍വിളികള്‍, കേരളത്തിലെ അദ്ദേഹത്തിന്റെ തെരഞ്ഞെടുപ്പ്‌ സംബന്ധിച്ചും സംസാരിച്ചിരുന്നു. കേരളത്തെക്കുറിച്ച്‌ താന്‍ ഒരു പുസ്‌തകം എഴുതുന്നുണ്ട്‌. അതിന്‌ വേണ്ട ഉപദേശങ്ങളും വിവരങ്ങളും നല്‍കാമെന്ന്‌ അദ്ദേഹം വാഗ്‌ദാനം ചെയ്‌തു.

sasi
അദ്ദേഹത്തിന്റെ ഭാര്യയെ ഇതുവരെ കണ്ടിട്ടില്ലെങ്കിലൂം ഭാര്യയുടെ ആരോപണങ്ങള്‍ വിഷമിപ്പിക്കുന്നു. അദ്ദേഹത്തിനെതിരേ പതുങ്ങി നടക്കുകയാണെന്നും അദ്ദേഹവുമായി ബന്ധമുണ്ടെന്നുമാണ്‌ ഭാര്യയുടെ ആരോപണം. ഇത്‌ തികച്ചും വന്യമായ ആരോപണങ്ങളാണ്‌. അവരുടെ ട്വീറ്റുകള്‍ തന്നെ ചിരിപ്പിക്കുകയാണ്‌. ഒരു പക്ഷേ താന്‍ തരൂരിനെ ഏറെ പ്രശംസിക്കുന്നത്‌ കൊണ്ടാകാം ഈ സംശയം. എന്നാല്‍ എല്ലാ കാര്യത്തിലും സുതാര്യത പുലര്‍ത്തുന്നയാളാണ്‌ താന്‍ ഇക്കാര്യം ട്വിറ്റര്‍ അക്കൗണ്ട്‌ നോക്കിയാല്‍ മനസ്സിലാകുമെന്നും തരാര്‍ പറഞ്ഞു.