Headlines
Published On:Saturday, January 18, 2014

പോലീസ് വിരട്ടിയ കോളജ് വിദ്യാര്‍ഥി കുളത്തില്‍ വീണു മരിച്ചു

പോലീസ് വിരട്ടിയ കോളജ് വിദ്യാര്‍ഥി കുളത്തില്‍ വീണ് മരിച്ചു. നാഗര്‍കോവില്‍ വെള്ളിച്ചന്തയില്‍ തെങ്ങിന്‍തോട്ടത്തിലിരുന്നവരെ പോലീസ് വിരട്ടിയതിനെതുടര്‍ന്നാണ് അപകടം. ഈത്തങ്കാട് സ്വദേശി ധര്‍മ്മലിംഗത്തിന്റെ മകന്‍ സുഭാഷ്(18) ആണ് മരിച്ചത്. കന്യാകുമാരിക്കടുത്തുള്ള പോളിടെക്‌നിക്ക് കോളേജിലെ വിദ്യാര്‍ഥിയാണ്.

നാഗരാജകോവില്‍ രഥോല്‍സവത്തോടനുബന്ധിച്ച് വെള്ളിയാഴ്ച കന്യാകുമാരി ജില്ലയിലെ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക് അവധിയായിരുന്നു. സുഭാഷും സുഹൃത്തുക്കളും സംഘം ചേര്‍ന്ന് തെങ്ങിന്‍തോപ്പിലിരുന്ന് ചീട്ടുകളിക്കുകയായിരുന്നു.തിരുവള്ളുവര്‍ ദിനത്തോടനുബന്ധിച്ച് വെള്ളിയാഴ്ച മദ്യശാലകള്‍ക്കും അവധിയായിരുന്നു. വ്യാജമദ്യവില്പന തടയാന്‍ കനത്ത പോലീസ് സന്നാഹം ഒരുക്കിയിരുന്നു. വെള്ളിച്ചന്ത ഈത്തങ്കാട് ഭാഗത്ത് പരിശോധന നടത്തിയ പോലീസ് തോപ്പിനുള്ളില്‍ കടന്നതും സംഘം ഭയന്നോടുകയായിരുന്നു. സമീപത്തെ പായല്‍ നിറഞ്ഞ കുളത്തില്‍ വീണ സുഭാഷ് മുങ്ങി മരിക്കുകയായിരുന്നു.

കുളച്ചല്‍ നിന്നും അഗ്നിശമനസേനയെത്തിയാണ് മൃതദേഹം പുറത്തെടുത്തത്. സംഭവമറിഞ്ഞ് പോലീസിനെതിരെ തിരിഞ്ഞ നാട്ടുകാര്‍ റോഡ് ഉപരോധിച്ചു.