
ആലുവ: ആലുവ റെയില്‍വേ സ്‌റ്റേഷനില്‍ ഒഡീഷ സ്വദേശിനികളെ പീഡിപ്പിച്ച സംഭവത്തില്‍ പ്രതികളെ പിടികൂടാത്തതില്‍ പ്രതിഷേധം ശക്തമാകുന്നു. സംഭവം നടന്നു പത്തു ദിവസം കഴിഞ്ഞിട്ടും പ്രതികളെക്കുറിച്ചു പോലീസിനു വ്യക്തമായ സൂചനകളൊന്നും ലഭിച്ചിട്ടില്ല. പ്രതികളെ പിടികൂടാത്തതില്‍ പ്രതിഷേധിച്ച് രാഷ്ട്ര സേവാദള്‍ മൈഗ്രന്റ്‌സ് ഫോറം ഇന്ത്യയുടെ നേതൃത്വത്തില്‍ വിവിധ സന്നദ്ധസംഘടനകളുടെ സഹകരണത്തോടെ ആലുവയില്‍ ധര്‍ണ സംഘടിപ്പിച്ചു.
ഫാ. മാര്‍ട്ടിന്‍ പുതുശേരി ധര്‍ണ ഉദ്ഘാടനം നിര്‍വഹിച്ചു. സി.ആര്‍. നീലകണ്ഠന്‍, പ്രഫ. കുസുമം ജോസഫ്, സിസ്റ്റര്‍ നോയല്‍ റോസ്, ബ്രദര്‍ ജോയ്‌സ്, ജ്യോതി നാരായണന്‍, രാഷ്ട്രസേവാദള്‍ ദേശീയ ജനറല്‍ സെക്രട്ടറി ജോര്‍ജ് ജേക്കബ്, ജില്ലാ പ്രസിഡന്റ് സുരേന്ദ്രന്‍, ലിന്‍ഡ എന്നിവര്‍ പ്രസംഗിച്ചു. കാര്‍മല്‍ കോളജ് നഴ്‌സിംഗ് വിദ്യാര്‍ഥിനികള്‍, എംഎസ്‌ജെ, സിഎംസി, എസ്എബിഎസ് സഭകളിലെ സന്യാസിനികള്‍, മംഗലപ്പുഴ സെമിനാരിയിലെ വൈദിക വിദ്യാര്‍ഥികള്‍ തുടങ്ങിയവര്‍ ധര്‍ണയില്‍ പങ്കെടുത്തു.
കഴിഞ്ഞ 17നാണു ഒഡീഷയിലെ കോട്ടഘര്‍ സ്വദേശിനികളായ രണ്ടു പെണ്‍കുട്ടികള്‍ പീഡിപ്പിക്കപ്പെട്ടത്. ജോലിയന്വേഷിച്ചാണു പെണ്‍കുട്ടികള്‍ കേരളത്തിലെത്തിയത്. ഒഡീഷ സ്വദേശി സുനില്‍ എന്നയാള്‍ക്കൊപ്പമാണു ഇവരുള്‍പ്പടെ ഏഴു പേര്‍ കേരളത്തിലെത്തിയത്. വൈകുന്നേരം ധന്‍ബാദ് എക്‌സ്പ്രസില്‍ വന്നിറങ്ങിയ സംഘത്തിലെ നാലു പേര്‍ സൗത്ത് കളമശേരിയിലെ സ്ഥാപനത്തില്‍ ജോലിയില്‍ പ്രവേശിച്ചു.
കോഴിക്കോടുള്ള ജോലിസ്ഥലത്തേക്കു പോകുന്നതിനു ട്രെയിന്‍ കാത്തു നില്‍ക്കുന്നതിനിടെയാണ് സുനിലിനും ഭാര്യയ്ക്കും ഭാര്യാസഹോദരിക്കും നേരെ റെയില്‍വേ സ്‌റ്റേഷനില്‍ അക്രമണമുണ്ടായത്.
സംഭവത്തിനു പിന്നില്‍ ഏതാനും പോലീസുകാര്‍ക്കും പങ്കുണ്ടെന്ന സൂചനയാണു അന്വേഷണം ഇഴഞ്ഞു നീങ്ങാന്‍ കാരണമെന്നു ആരോപണമുണ്ട്.