Headlines
Published On:Sunday, February 2, 2014

സിനിമ അന്ധവിശ്വാസങ്ങളുടെയും ജ്യോല്‍സ്യന്മാരുടെയും ലോകം; ശ്രീനിവാസന്‍ അവസരങ്ങള്‍ നഷ്ടപ്പെടുത്തിയ ജ്യോത്സ്യന്‍ ആര് ?

മലയാളസിനിമയ്ക്ക് ലോകനിലവാരമുണ്ടാകണം: ശ്രീനിവാസന്‍
മലയാളസിനിമയ്ക്ക് ലോകനിലവാരമുണ്ടാകണമെന്ന് പ്രശസ്ത നടനും സംവിധായകനുമായ ശ്രീനിവാസന്‍ അഭിപ്രായപ്പെട്ടു.  കേരളകൗമുദിയുടെ സഹകരണത്തോടെ ഒറ്റപ്പാലം പിഷാരടി ഓഡിറ്റോറിയത്തില്‍ നടന്ന ഫിലിംസിറ്റി സെമിനാറും മെഗാഇവന്റും  ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ലോകനിലവാരത്തിലുള്ള സാങ്കേതിക വിദഗ്ദ്ധര്‍ ഇല്ലാത്തത് നിലവാരമുള്ള സിനിമകളില്ലാതെ പോകുന്നതിന് കാരണമാകുന്നുണ്ട്. ഒറ്റപ്പാലം ഫിലിംസിറ്റിയില്‍ അതിനുള്ള സൗകര്യങ്ങളൊരുക്കണം. സിനിമ മെച്ചപ്പെടുത്താന്‍ സിനിമാ വിദ്യാഭ്യാസം ഉണ്ടാകണം. സിനിമ നിരന്തരം കണ്ടുകൊണ്ടിരുന്നാലോ അതുണ്ടാകൂ. എന്നെ സംബന്ധിച്ചിടത്തോളം ഒറ്റപ്പാലം ഒരുപാട് ഓര്‍മ്മകളുള്ള സ്ഥലമാണ്. സിനിമ ഒരുപാട് അന്ധവിശ്വാസങ്ങള്‍ പുലര്‍ത്തുന്ന മേഖലയാണ്. ഒരു കാലത്ത് എറണാകുളത്ത് ഒരു ജ്യോത്സ്യനാണ് സിനിമയില്‍ ആര് അഭിനയിക്കണം ആര് അഭിനയിക്കേണ്ട എന്ന് തീരുമാനിച്ചിരുന്നത്. ഇത്തരത്തില്‍ എനിക്ക് ഒരുപാട് അവസരങ്ങള്‍ നഷ്ടപ്പെട്ടിട്ടുണ്ട്. ഒറ്റപ്പാലം അന്ധവിശ്വാസങ്ങള്‍ക്ക് അടിമപ്പെടാത്ത സ്ഥലമാണ്  അദ്ദേഹം പറഞ്ഞു.

ഒറ്റപ്പാലം ഫിലിംസിറ്റി സിനിമാ വിദ്യാഭ്യാസത്തിനുള്ള സ്ഥാപനമാക്കണമെന്ന് ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ച എം.ഹംസ എം.എല്‍.എ പറഞ്ഞു. സ്ഥലം കൈമാറിയാല്‍ ഒറ്റപ്പാലം ഫിലിംസിറ്റി നിര്‍മ്മാണം ഉടന്‍ ആരംഭിക്കുമെന്ന് കെ.എസ്.എഫ്.ഡി.സി. ചെയര്‍മൊന്‍ സാബു ചെറിയാന്‍ പറഞ്ഞു.
പുതിയ ഫിലിംസിറ്റിയില്‍ അത്യാധുനിക രീതിയിലുള്ള സംവിധാനങ്ങള്‍ ഒരുക്കണമെന്ന് ആശംസാപ്രസംഗം നടത്തിയ പ്രശസ്ത സംവിധായകന്‍ ബി. ഉണ്ണികൃഷ്ണന്‍ പറഞ്ഞു. സിനിമ അടിമുടി മാറി. ഇതിനനുസരിച്ചുള്ള സംവിധാനമാണ് ഇവിടെ ഉണ്ടാകേണ്ടത്. ഇതിനായി ഞങ്ങള്‍ ഒരു രൂപരേഖ തയ്യാറാക്കിയിട്ടുണ്ട്. അത് ഉടന്‍ തന്നെ എം. ഹംസ എം.എല്‍.എയ്ക്ക് കൈമാറും  അദ്ദേഹം പറഞ്ഞു.