Published On:Sunday, February 2, 2014
പിഞ്ചുകുഞ്ഞിന്റെ മരണം: ഇന്ത്യക്കാരായ മാതാപിതാക്കള്‍ യു.എസില്‍ അറസ്റ്റില്‍
തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ് ഒന്നരവയസ്സുകാരന്‍ മരിച്ച കേസില്‍ ഇന്ത്യക്കാരായ മാതാപിതാക്കള്‍ യു.എസിലെ കണക്റ്റിക്കടില്‍ അറസ്റ്റില്‍. 19 മാസം മാത്രം പ്രായമായ പിഞ്ചുകുഞ്ഞിനെ ദേഷ്യം വന്ന ആയ നിലത്തിടുകയായിരുന്നു. ഗുരുതരമായി തലയ്ക്ക് പരിക്കേറ്റ കുഞ്ഞ് മരിക്കുകയും ആയയെ മനഃപ്പൂര്‍വ്വമല്ലാത്ത നരഹത്യയ്ക്ക് പോലീസ് ദിവസങ്ങള്‍ക്ക് മുന്‍പ് അറസ്റ്റ് ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് മാതാപിതാക്കളേയും അറസ്റ്റ് ചെയ്തിരിക്കുന്നത്.
ഇന്ത്യക്കാരിയായ കിന്‍ജാല്‍ പട്ടേല്‍ (27) ആണ് ആതിയാന്‍ ശിവകുമാര്‍ എന്ന കുഞ്ഞിനെ ജനുവരി 16ന് ന്യൂ ഹെവനിലെ വീട്ടില്‍ വച്ച് കൊലപ്പെടുത്തിയത്. മാതാപിതാക്കളായ തേന്‍മൊഴി രാജേന്ദ്രന്‍, മണി ശിവകുമാര്‍ എന്നിവരേയാണ് പോലീസ് കുട്ടിയുടെ മരണത്തിന് സാഹചര്യമൊരുക്കിയതിനും പോലീസിനെ കൃത്യനിര്‍വ്വഹണത്തില്‍ തടസ്സപ്പെടുത്തിയതിനും അറസ്റ്റ് ചെയ്തത്. മാതാപിതാക്കളുടെ മൊഴിയില്‍ വൈരുദ്ധ്യമുള്ളതായും കള്ളം പറയുന്നതായും പോലീസ് കണ്ടെത്തിയിരുന്നു. കുഞ്ഞിനെ കിന്‍ജാലിനെ ഏല്‍പ്പിക്കരുതെന്ന് ഡിസംബറില്‍ നിര്‍ദേശമുണ്ടായിരുന്നെങ്കിലും മാതാപിതാക്കള്‍ പാലിച്ചിരുന്നില്ലെന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്.
