Headlines
Published On:Friday, May 30, 2014

മായ പിറന്നു വീണു; മുലകുടി മാറിയാലുടന്‍ ഇനി അമ്മയ്‌ക്കു തൂക്കുമരം

ഖാര്‍ത്തൂം: ജയിലഴിക്കുള്ളിലെ തണുപ്പിലേക്കാണു മായ പിറന്നു വീണത്‌. ഇനി അമ്മയുടെ സ്‌നേഹം ഏറെനാള്‍ നുകരാനുള്ള ഭാഗ്യമില്ല. അവളുടെ മുലകുടി മാറിയാലുടന്‍ അമ്മ മെറിയം ഇബ്രാഹിം(27) വധശിക്ഷയ്‌ക്കു വിധേയയാകും. സഹോദരന്‍ മാര്‍ട്ടിനെയോ പിതാവ്‌ ഡാനിയേലിനെയോ ഇനി കാണാന്‍ മായയ്‌ക്കു ഭാഗ്യമുണ്ടായേക്കില്ല.

സുഡാന്‍ സര്‍ക്കാര്‍ തീര്‍ത്ത മതത്തിന്റെ മതില്‍ക്കെട്ട്‌ അത്രകഠിനമാണ്‌. മോഷണത്തിനുപോലും കടുത്തശിക്ഷയില്ലാത്ത സുഡാനില്‍ മെറിയത്തിന്റെ കുറ്റം മതവിശ്വാസമാണ്‌. സിനിമകളെ വെല്ലുന്നതായിരുന്നു മെറിയത്തിന്റെ ജീവിതം. ആറു വയസുള്ളപ്പോഴാണു പിതാവ്‌ മെറിയത്തെ ഉപേക്ഷിച്ചത്‌. പിന്നീട്‌ അഭയാര്‍ഥി ക്യാമ്പിലായിരുന്നു ജീവിതം. ക്രിസ്‌ത്യാനിയായ അമ്മയുടെ മതവിശ്വാസമനുസരിച്ചാണു വളര്‍ന്നത്‌. അമേരിക്കന്‍ പൗരനായ ഡാനിയേലിനെ വിവാഹം ചെയ്‌തതാണു വഴിത്തിരിവായത്‌. സുഡാന്‍ പൗരനായിരുന്നു ഡാനിയേലു,ം. 1998 ല്‍ ആഭ്യന്തര യുദ്ധത്തിനിടെ നാടുവിട്ട ഇദ്ദേഹം അമേരിക്കന്‍ പൗരത്വം സമ്പാദിച്ചിരുന്നു.
2011 ഡിസംബറില്‍ ക്രിസ്‌ത്യന്‍ സര്‍വീസ്‌ ചാപ്പലില്‍ നടന്ന വിവാഹത്തില്‍ അഞ്ഞൂറോളം പേരാണു പങ്കെടുത്തത്‌. ഭര്‍ത്താവിനൊപ്പം അമേരിക്കയില്‍ പോകാനുള്ള ശ്രമത്തിനിടെയാണു മെറിയത്തിന്റെ പിതാവ്‌ മുസ്ലിമാണെന്ന വിവരം പുറത്തുവന്നത്‌. ഇതോടെ പിതാവിന്റെ മതം സ്വീകരിക്കണമെന്നു സുഡാന്‍ അധികൃതര്‍ വിധിക്കുകയായിരുന്നു. വിസമ്മതിച്ചതോടെ 20 മാസം പ്രായമുള്ള മകന്‍ മാര്‍ട്ടിന്‍ പോലീസ്‌ കസ്‌റ്റഡിയിലായി. കുട്ടിയെവിട്ടുനല്‍കണമെന്ന മാതാപിതാക്കളുടെ അഭ്യര്‍ഥന പാഴായി.
കഴിഞ്ഞ സെപ്‌റ്റംബറിലാണു മെറിയത്തിന്റെ അറസ്‌റ്റ്‌ രേഖപ്പെടുത്തിയത്‌. ഏറെ വൈകാതെ അവര്‍ക്കു വധശിക്ഷ വിധിക്കപ്പെട്ടു. ഇതിനിടെയാണു മെറിയം ഗര്‍ഭിണിയാണെന്ന വിവരം അറിഞ്ഞത്‌. അതോടെ കുഞ്ഞ്‌ ജനിച്ചു മുലകുടി മാറുന്നതുവരെ ജീവിക്കാനുള്ള അനുമതി ലഭിക്കുകയായിരുന്നു.

ജയില്‍ മുറിയില്‍ യാതൊരു ചികിത്സയും മെറിയത്തിനു ലഭിച്ചില്ല. മതം മാറിയാല്‍ ജീവിക്കാന്‍ അനുമതി നല്‍കാമെന്നാണു സുഡാന്‍ അധികൃതരുടെ നിലപാട്‌. എന്നാല്‍ തീരുമാനത്തില്‍നിന്ന്‌ പിന്നോട്ടില്ലെന്നു ദമ്പതികള്‍ പറയുന്നു. കാലുകള്‍ തളര്‍ന്ന ഡാനിയേല്‍ ഭാര്യയെ എങ്ങനെയെങ്കിലും പുറത്തുകൊണ്ടുവരാനുള്ള ശ്രമത്തിലാണ്‌. കേസ്‌ ഇപ്പോള്‍ സുഡാന്‍ സുപ്രിം കോടതിയുടെ പരിഗണനയിലാണ്‌. ബ്രിട്ടീഷ്‌ വെബ്‌സൈറ്റായ ഡെയ്‌ലി മെയിലാണ്‌ ഇവരുടെ കദനകഥ പുറംലോകത്തെ അറിയിച്ചത്‌.