Headlines
Published On:Friday, May 30, 2014

പോലീസ് എന്നോടിത് ചെയ്യരുതായിരുന്നു -സുരേഷ് ഗോപി

കൊച്ചി: 'കേരള പോലീസിന്റെ മഹത്വം ഉയര്‍ത്തിപ്പിടിക്കാന്‍ ശ്രമിച്ചിട്ടുള്ളയാളാണ് ഞാന്‍. എന്നോട് നമ്മുടെ പോലീസ് ഇങ്ങനെ ചെയ്യരുതായിരുന്നു.' - പ്രിയപ്പെട്ട സഹപ്രവര്‍ത്തകന്റെ വേര്‍പാടില്‍ വേദനിച്ച് സുരേഷ് ഗോപി പറഞ്ഞു. ബുധനാഴ്ച അന്തരിച്ച പി.പി. തോമസ് സുരേഷ് ഗോപിക്ക്‌ േപഴ്‌സണല്‍ മേക്കപ്പ് മാനും മാനേജറും മാത്രമായിരുന്നില്ല; കൂടപ്പിറപ്പിനോടെന്ന പോലെ അടുപ്പമുള്ളയാളായിരുന്നു. തോമസിനെ മരണത്തിലേക്ക് ഇടിച്ചിട്ട ബൈക്ക് ഇനിയും കണ്ടെത്താന്‍ കഴിയാത്ത പോലീസിന്റെ അനാസ്ഥയില്‍ രോഷം കൊള്ളുകയല്ല, നിസ്സഹായനായി നില്‍ക്കുകയാണ് കാക്കിവേഷങ്ങളുടെ നായകന്‍.
'കുറ്റം ചെയ്തവരെ തൂക്കിക്കൊല്ലാനൊന്നുമല്ല. പക്ഷേ, ഒരു സാധുകുടുംബത്തിന് നിയമപരമായി ലഭിക്കേണ്ട സഹായങ്ങളുണ്ട്. അതിന് ഇടിച്ചവാഹനം കണ്ടെത്തുകയും അതോടിച്ചവര്‍ക്കെതിരെ കേസെടുക്കുകയും ചെയ്യേണ്ടതുണ്ട്. അവര്‍ക്ക് നിയമത്തിന് മുമ്പാകെ ഹാജരായി ജാമ്യമെടുക്കാം. കേസ് അതിന്റെ വഴിക്ക് പൊയ്‌ക്കൊള്ളും. അതുകൊണ്ട് ബൈക്കോടിച്ചവര്‍ നിയമത്തിനു മുന്നിലെത്തണമെന്നാണ് എന്റെ അപേക്ഷ' - സുരേഷ് ഗോപി പറഞ്ഞു.
താന്‍ ആഭ്യന്തര മന്ത്രിയെ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും അദ്ദേഹം തിരക്കിലാണെന്ന മറുപടിയാണ് ലഭിച്ചതെന്ന് സുരേഷ് ഗോപി പറഞ്ഞു. പിന്നീട് വിളിക്കാമെന്ന് പറഞ്ഞെങ്കിലും വിളിച്ചില്ല. 'എന്നെ ചേട്ടാ എന്നു വിളിക്കുന്ന ഉന്നത പോലീസുദ്യോഗസ്ഥര്‍ വരെ കൊച്ചിയിലുണ്ട്. അവരോടെല്ലാം പറഞ്ഞു നോക്കിയെങ്കിലും ഇതുവരെ ഒരു നടപടിയുമുണ്ടായിട്ടില്ല. തോമസിനെ ഓട്ടോറിക്ഷയില്‍ കയറ്റുമ്പോള്‍ ബൈക്കോടിച്ചവര്‍ അവിടെയുണ്ടായിരുന്നു. എന്നിട്ടാണ് രക്ഷപ്പെട്ടത്. അവിടെ ജോലിക്കുണ്ടായിരുന്ന പോലീസുകാരന് അവരെ കണ്ടെത്താന്‍ ബാധ്യതയില്ലേ? അപകടം നടന്ന് ഇത്രയും ദിവസമായിട്ടും കുറ്റക്കാരെ കണ്ടെത്താന്‍ പോലീസിന് കഴിഞ്ഞിട്ടില്ലെങ്കില്‍ അവര്‍ സിനിമയിലെ ചില പോലീസുകാരെപ്പോലെയാണ് എന്ന് ഞാനുള്‍പ്പെടെയുള്ളവര്‍ സംശയിച്ചാല്‍ തെറ്റുപറയാനാകില്ല. എന്തോ കള്ളക്കളി എവിടെയോ നടക്കുന്നതുപോലെ' - സുരേഷ് ഗോപി പറഞ്ഞു. കുറ്റക്കാരെ കണ്ടുപിടിക്കാന്‍ പോലീസ് തയ്യാറാകുന്നില്ലെങ്കില്‍ ബാക്കിയുള്ള നടപടി താന്‍ ദൈവത്തിന് വിട്ടുകൊടുക്കുകയാണെന്നും ദൈവം കൃത്യമായി ശിക്ഷ നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.