Headlines
Published On:Sunday, June 1, 2014

ഉത്തര്‍പ്രദേശില്‍ പീഡനത്തെ എതിര്‍ത്ത പെണ്‍കുട്ടിയെ മണ്ണെണ്ണ ഒഴിച്ച്‌ കത്തിച്ചു

ബസ്‌തി(ഉത്തര്‍പ്രദേശ്‌): പെണ്‍കുട്ടികള്‍ക്ക്‌ എതിരായ ക്രൂരതയുടെ കാര്യത്തില്‍ ഉത്തര്‍പ്രദേശ്‌ ലോകത്തിന്റെ തന്നെ തലസ്‌ഥാനമാവുകയാണ്‌. കൗമാരക്കാരായ ദളിത്‌ സഹോദരിമാരെ ബലാത്സംഗം ചെയ്‌ത് മരത്തില്‍ കെട്ടിത്തൂക്കിയ സംഭവത്തിലെ ഞെട്ടല്‍ മാറും മുമ്പേയാണ്‌ പീഡനത്തെ എതിര്‍ത്ത പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ മണ്ണെണ്ണ ഒഴിച്ച്‌ കത്തിച്ച സംഭവം പുറത്തുവരുന്നത്‌. ബസ്‌തി ജില്ലയിലെ ബന്‍വാലിയ ഗ്രാമത്തിലാണ്‌ സംഭവം. വീട്ടില്‍ ആരുമില്ലാത്ത സമയത്ത്‌ ഏതാനും പേര്‍ പതിനേഴുകാരിയായ പെണ്‍കുട്ടിയുടെ വീട്ടില്‍ അതിക്രമിച്ചു കയറി ബലാത്സംഗത്തിന്‌ ശ്രമിക്കുകയായിരുന്നു. എന്നാല്‍ പെണ്‍കുട്ടിയുടെ ഇതിനെ ശക്‌തമായ എതിര്‍ത്തു.

തുടര്‍ന്ന്‌ അക്രമികള്‍ പെണ്‍കുട്ടിയുടെ മേല്‍ മണ്ണെണ്ണ ഒഴിച്ച്‌ കത്തിക്കുകയായിരുന്നു. പെണ്‍കുട്ടി ഇപ്പോള്‍ ഗുരുതരമായ പരുക്കുകളോടെ ആശുപത്രിയിലാണെന്ന്‌ പ്രമുഖ ദേശീയ മാധ്യമം റിപ്പോര്‍ട്ടു ചെയ്യുന്നു. അതേസമയം പീഡകരെ സംരക്ഷിക്കാനുള്ള ഉത്തര്‍പ്രദേശ്‌ പോലീസിന്റെ ശ്രമം ഈ കേസിലും ആവര്‍ത്തിച്ചതായി പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ പറയുന്നു. കേസ്‌ ഒതുക്കിത്തീര്‍ക്കാനായിരുന്നു ആദ്യം പോലീസിന്റെ ശ്രമം. കേസ്‌ ഫയല്‍ ചെയ്‌തപ്പോള്‍ പീഡനത്തിനുള്ള വകുപ്പുകള്‍ ചാര്‍ജു ചെയ്യാന്‍ പോലീസ്‌ വിസമ്മതിച്ചതായും ആരോപണമുണ്ട്‌. സംഭവത്തില്‍ മൂന്നു പേരെ പോലീസ്‌ അറസ്‌റ്റു ചെയ്‌തിട്ടുണ്ട്‌. കേസില്‍ നാലു പേര്‍ കൂടി പിടിയിലാകാനുണ്ട്‌.