Headlines
Published On:Thursday, January 9, 2014

വൈക്കം മുഹമ്മദ് ബഷീറിനായി മമ്മൂട്ടിയുടെ കുറിപ്പുകള്‍

കൊച്ചി: ബാല്യകാല സഖി നോവലും കടന്ന് സിനിമയാകുന്നു എന്ന് കേട്ടതു മുതല്‍ എല്ലാവരുടേയും കണ്ണും കാതും അങ്ങോട്ടാണ്. എന്താണ് നടക്കുന്നതെന്നറിയണമല്ലോ. ഒടുവില്‍ സാക്ഷാല്‍ മമ്മൂക്കയാണ് അഭിനയിക്കുന്നതെന്നറിഞ്ഞപ്പോള്‍ അതും ചര്‍ച്ച തന്നെ.
ഇനിയിപ്പോ മമ്മൂക്ക എഴുത്തും തുടങ്ങിയാലോ? അതും വൈക്കം മുഹമ്മദ് ബഷീറിനെക്കുറിച്ചാകുമ്പോഴോ? സംഭവം സത്യമാണ്. കഥയുടെ ചിറകില്‍ കഥാപാത്രം പിറന്ന മണ്ണില്‍ എന്ന് പേരിട്ടും ഇട്ടുകഴിഞ്ഞു. ബഷീറനുഭവങ്ങളും ഇടപെടലുകളും പുസ്തകത്തില്‍ വിഷയമാകും.
1989ല്‍ ബഷീറിന്റെ തന്നെ കഥയായ മതിലുകള്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ ദൃശ്യമാക്കിയപ്പോള്‍ മമ്മൂട്ടിയായിരുന്നു കേന്ദ്ര കഥാപാത്രം. അന്ന് സെറ്റില്‍ ബഷീറും ഉണ്ടായിരുന്നു. മുരളി, കരമന ജനാര്‍ദ്ദനന്‍ നായര്‍, കൃഷ്ണന്‍ കുട്ടി നായര്‍ എന്നിവര്‍ തകര്‍ത്തഭിനയിച്ച ചിത്രത്തിനു ശേഷം മമ്മൂട്ടിയുടെ രണ്ടാമത്തെ ബഷീര്‍ കഥാപാത്രമാണ് ബാല്യകാലസഖിയിലെ മജീദ്. വര്‍ഷങ്ങള്‍ക്കിപ്പുറം ബാല്യകാല സഖി വെള്ളിത്തിരയിലെത്തുമ്പോള്‍ അത് കാണാന്‍ അദ്ദേഹം ഇല്ലാതെ പോയെന്നാണ് മമ്മൂട്ടി പ്രതികരിച്ചത്.
മജീദിനെ അവതരിപ്പിക്കുമ്പോള്‍ അനുഭവം വ്യത്യസ്തമായിരുന്നു. കഥാപാത്രത്തെ അവതരിപ്പിക്കാന്‍ കഴിഞ്ഞതില്‍ ഏറെ സന്തോഷവാനാണെന്നും അദ്ദേഹം പറഞ്ഞു. മജീദായി മമ്മൂക്കയെത്തുമ്പോള്‍ സുഹറയായി തട്ടത്തിന്‍ മറയത്തിലൂടെ ശ്രദ്ധേയയായ ഇഷ തല്‍വാറും ഒന്നിക്കുന്നു.