Published On:Saturday, January 18, 2014
സുനന്ദ പുഷ്കറിന്റെ മരണം അമിതമായി ഉറക്കഗുളിക കഴിച്ച്; ആദ്യം കണ്ടതും ശശിതരൂര്‍
തിരുവനന്തപുരം: സുനന്ദപുഷ്കറിന്റെ മരണം കേവലമൊരു ആത്മഹത്യ എന്ന നിലയില്‍ ഇന്ത്യന്‍ മനസ്സ് മറന്നുപോകില്ല. ദേശീയ രാഷ്ട്രീയത്തില്‍ കോളിളക്കങ്ങള്‍ സൃഷ്ടിച്ച ഒരു വിവാഹവും അതിന്റെ ദാരുണാന്ത്യവുമാണ് സുനന്ദയുടെ മരണത്തോടെ ഉണ്ടായിരിക്കുന്നത്. ദേശീയതലത്തില്‍തന്നെ കോണ്‍ഗ്രസിനു കനത്ത ആഘാതമേല്പിച്ച് കൊണ്ടാണ് ശശി തരൂര്‍ വിവാദത്തിനു ദാരുണാന്ത്യം ഉണ്ടായിരിക്കുന്നത്.
ഡല്‍ഹിയില്‍ ലീലാ ഹോട്ടലിലെ സ്യൂട്ട് റൂമില്‍ കേന്ദ്രമന്ത്രി ശശി തരൂരിന്റെ ഭാര്യ സുനന്ദ പുഷ്കറിന്റെ മൃതദേഹം കാണപ്പെട്ടതോടെ സമീപദിവസങ്ങളില്‍ വി.ഐ.പി. ദമ്പതികളെച്ചൊല്ലിയുണ്ടായ വിവാദം കേന്ദ്രമന്ത്രിസഭയിലും കേരളരാഷ്ട്രീയത്തിലും പ്രകമ്പനം സൃഷ്ടിച്ചിരിക്കുകയാണ്. അമിതമായ അളവില്‍ ഉറക്കഗുളിക ഉള്ളില്‍ചെന്നാണു സുനന്ദയുടെ മരണമെന്നാണു പ്രാഥമിക റിപ്പോര്‍ട്ട്. ഇക്കാര്യം ഉന്നതകേന്ദ്രങ്ങള്‍ രഹസ്യമായി വെളിപ്പെടുത്തിയിട്ടുണ്ടെങ്കിലും സ്ഥിരീകരിച്ചിട്ടില്ല. സുനന്ദയുടെ അവസാനനാളില്‍ തരൂരും ഒപ്പമുണ്ടായിരുന്നെന്നാണു ഡല്‍ഹി പോലീസില്‍നിന്നു കേരളാ പോലീസിലെ ഉന്നതര്‍ക്കു ലഭിച്ച വിവരം.
ഭാര്യയുടെ മരണവുമായി ബന്ധപ്പെട്ട് പ്രാഥമികമായി തരൂരിന്റെ മൊഴിയെടുത്തെങ്കിലും കൂടുതല്‍ ചോദ്യം ചെയ്യാന്‍ വീണ്ടും തരൂരിനെ സമീപിക്കുമെന്ന് ഉറപ്പായിട്ടുണ്ട്. തരൂരിന് മെഹര്‍ തരാര്‍ എന്ന പാകിസ്താനി മാധ്യമപ്രവര്‍ത്തകയുമായുള്ള അടുപ്പം സുനന്ദ ചോദ്യം ചെയ്തതിനേത്തുടര്‍ന്നുണ്ടായ കലഹമാണ് അവരുടെ ആത്മഹത്യയില്‍ കലാശിച്ചതെന്നു കരുതപ്പെടുന്നു. മരണത്തെ സംബന്ധിച്ച് ഒട്ടേറെ അഭ്യൂഹങ്ങള്‍ പരക്കുന്നുണ്ടെങ്കിലും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ മാത്രമേ സ്ഥിരീകരണം ലഭിക്കൂ. രണ്ടാം യു.പി.എ. മന്ത്രിസഭയിലെ കന്നിപ്രവേശം മുതല്‍ തരൂരിനെ സ്ത്രീസംബന്ധമായ വിവാദങ്ങള്‍ വേട്ടയാടിയിരുന്നു.

