Headlines
Published On:Saturday, February 1, 2014

മമ്മൂട്ടിക്ക് ഭീഷണിയായി വീണ്ടും മോഹന്‍ലാല്‍, ഭീമന്‍ മോഹന്‍ലാല്‍; രണ്ടാമൂഴവും മമ്മൂട്ടിക്ക്‌ നഷ്‌ടമുണ്ടാക്കും

അവതരിപ്പിക്കാന്‍ ഏറെ ആഗ്രഹമുള്ള കഥാപാത്രങ്ങളെ കുറിച്ച്‌ ഒരിക്കല്‍ ഒരു ലേഖകന്‍ ചോദിച്ചപ്പോള്‍ സൂപ്പര്‍താരം മമ്മൂട്ടിയുടെ മറുപടി 'രണ്ടാമൂഴത്തിലെ ഭീമന്‍' എന്നായിരുന്നു. എന്തായാലും മമ്മൂട്ടിയുടെ ദൗര്‍ഭാഗ്യം തുടരുകയാണെന്ന്‌ തോന്നുന്നു. വന്‍ ഹിറ്റുകളായ മെമ്മറീസും ദൃശ്യവും കൈവിട്ടു പോയ മമ്മൂട്ടിക്ക്‌ സ്വപ്‌നറോളുകളില്‍ ഒന്നായ എം.ടിയുടെ രണ്ടാമൂഴത്തിലെ ആത്മസംഘര്‍ഷം അനുഭവിക്കുന്ന ഭീമനും കൈവിട്ടു പോകുന്നു.

എം.ടി-ഹരിഹരന്‍ ടീമിന്റെ അടുത്ത ചിത്രമായി രണ്ടാമൂഴം സിനിമാരൂപം പ്രാപിക്കുമ്പോള്‍ മോഹന്‍ലാല്‍ നായകനാകുമെന്നാണ്‌ റിപ്പോര്‍ട്ട്‌. വടക്കന്‍ വീരഗാഥയിലെ ചന്തുവിനെ പോലെ വ്യക്‌തിത്വം തുളുമ്പുന്ന, ഏറെ അഭിനയ സാധ്യതയുള്ള കഥാപാത്രമാണ്‌ രണ്ടാമൂഴത്തിലെ ഭീമനും. അതേസമയം ഇക്കാര്യത്തില്‍ ഇനിയും വ്യക്‌തത വരാനിരിക്കുന്നതേയുള്ളൂ. ചിത്രം തുടങ്ങുമെന്ന്‌ മുമ്പ്‌ പല തവണ വാര്‍ത്ത വന്നിട്ടുണ്ടെങ്കിലും ഒന്നും നടന്നിരുന്നില്ല. അടുത്തിടെ ഒരു പത്രത്തിന്‌ നല്‍കിയ അഭിമുഖത്തില്‍ ചിത്രം ഉപേക്ഷിച്ചിട്ടില്ലെന്നും നിര്‍മ്മാതാവ്‌ ഉള്‍പ്പെടെ അനുകൂല സാഹചര്യങ്ങള്‍ ഉണ്ടാകുമ്പോള്‍ ചിത്രം ചെയ്യുമെന്നും മോഹന്‍ലാലിനെ ഭീമനാക്കാന്‍ ഉദ്ദേശിക്കുന്നുവെന്നും ഹരിഹരന്‍ പറഞ്ഞിരുന്നു.