Published On:Tuesday, June 3, 2014
വിദ്യാര്‍ത്ഥിനികളുടെ ചിത്രമെടുത്ത് നഗ്നശരീരം മോര്‍ഫുചെയ്യും; ഒരുചിത്രത്തിന് 30 രൂപ !
കോലഞ്ചേരി: പട്ടിമറ്റം സ്വദേശിയായ വിദ്യാര്‍ഥിനിയുടെ ചിത്രം മോര്‍ഫ് ചെയ്‌തു പ്രചരിപ്പിച്ച കേസില്‍ കുന്നത്തുനാട് പൊലീസ് അറസ്‌റ്റു ചെയ്‌ത അന്യ സംസ്‌ഥാന തൊഴിലാളി നൂര്‍ ഇസ്ലാ(22)മിനെ കോലഞ്ചേരി കോടതി പതിനാലു ദിവസത്തേക്കു റിമാന്‍ഡ് ചെയ്‌തു.അസമിലെ നൊഗാമു ജില്ലയിലെ മൊടാര്‍ത്തലൈ സ്വദേശിയാണ്. ഇയാള്‍ പെണ്‍കുട്ടി അറിയാതെ മൊബൈല്‍ ഫോണില്‍ ചിത്രമെടുത്തശേഷം അത്താണിയിലെ കംപ്യൂട്ടര്‍ സ്‌ഥാപനത്തില്‍ മോര്‍ഫിങ് നടത്തി ഇതര സംസ്‌ഥാന തൊഴിലാളികള്‍ക്കിടയില്‍ പ്രചരിപ്പിക്കുകയായിരുന്നു. നാട്ടുകാര്‍ കടയില്‍ പരിശോധന നടത്തിയപ്പോള്‍ ഇതടക്കം ഒട്ടേറെ മലയാളി യുവതികളുടെ മോര്‍ഫ് ചെയ്‌ത വിഡിയോ ദൃശ്യങ്ങള്‍ കണ്ടെത്തി.
മേസ്‌തിരിപ്പണിക്കാരനായ ഇയാള്‍ കേരളത്തിലെത്തിയതു രണ്ടു വര്‍ഷം മുന്‍പാണ്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി ഒരാഴ്‌ച മുന്‍പു വീട്ടിലേക്കു നടന്നുപോകുമ്പോഴാണ് ഇയാള്‍ ചിത്രം പകര്‍ത്തിയത്. രാവിലെ ആറു മുതല്‍ എട്ടര വരെയും വൈകിട്ട് അഞ്ചര മുതല്‍ രാത്രി പത്തുവരെയുമായിരുന്നു ഇയാളുടെ കംപ്യൂട്ടര്‍ സ്‌ഥാപനത്തിന്റെ പ്രവര്‍ത്തനം. ഇയാള്‍ക്കു പ്രൈമറി വിദ്യാഭ്യാസം മാത്രമേയുള്ളൂ. ഇതര സംസ്‌ഥാന തൊഴിലാളികള്‍ക്കു 30 രൂപ നിരക്കിലാണു മോര്‍ഫ് ചെയ്‌ത ചിത്രം പകര്‍ത്തിനല്‍കിയിരുന്നത്. പാട്ടുകള്‍ പകര്‍ത്തി നല്‍കുന്നുവെന്ന വ്യാജേനയാണ് അശ്ലീല ചിത്രങ്ങളുടെ വിപണനം നടത്തിയിരുന്നത്.
നേരത്തെ മൊബൈല്‍ ഫോണ്‍ വഴി ചിത്രം പകര്‍ത്തിനല്‍കിയിരുന്ന പ്രതി കംപ്യൂട്ടറും അനുബന്ധ ഉപകരണങ്ങളും വാങ്ങി ബിസിനസ് വ്യാപകമാക്കുകയായിരുന്നു. കംപ്യൂട്ടര്‍ അടക്കമുള്ള ഉപകരണങ്ങള്‍ പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. ഇവിടെനിന്നു മലയാളികളുടെ തിരിച്ചറിയല്‍ കാര്‍ഡുകള്‍, ആധാര്‍ കാര്‍ഡുകള്‍, പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ തുടങ്ങിയവയും പൊലീസിനു ലഭിച്ചു. സൈബര്‍ സെല്ലിന്റെ പരിശോധനകള്‍ പൂര്‍ത്തിയായാല്‍ മാത്രമേ ചിത്രങ്ങള്‍ ദുരുപയോഗിച്ചതു സംബന്ധിച്ചു കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകുകയുള്ളൂ. സംഭവത്തെ തുടര്‍ന്ന് ഇതര സംസ്‌ഥാന തൊഴിലാളികളെ നാട്ടുകാര്‍ ഒഴിപ്പിച്ചുതുടങ്ങി.

