Headlines
Published On:Tuesday, June 3, 2014

യോ യോ ഹണി സിംഗിനെ ഓണ്‍ലൈന്‍ പാപ്പരാസികള്‍ കൊന്നത് എങ്ങനെ ?

മുംബൈ: ഇന്ത്യന്‍ സംഗീത രംഗത്തെ പുത്തന്‍ താരോദയം യോ യോ ഹണി സിംഗിനെ കൊല്ലാതെ കൊന്നു! വാര്‍ത്ത കേട്ട് അതിശയിക്കേണ്ട. നിരവധി ഹിറ്റ് ഗാനങ്ങളിലൂടെ ബോളിവുഡിലും കോളിവുഡിലും ശ്രദ്ധേയനായ ഹണി സിംഗ് മരിച്ചെന്ന വാര്‍ത്ത നല്‍കിയാണ് ചില ഓണ്‍ലൈന്‍ പോര്‍ട്ടലുകള്‍ ആരാധകരെ ഞെട്ടിച്ചത്.

ആരാധകരുടെ നെഞ്ചില്‍ തീകോരിയിടത്തക്കവണ്ണം വാര്‍ത്തയോടൊപ്പം ഹണി സിംഗിന്റെ  ചിത്രം കൂടിയായപ്പോള്‍ ആരാധകരുടെ നെഞ്ചിടിപ്പ് വീണ്ടും കൂടി. ഒടുവില്‍ ഉദ്വേഗങ്ങള്‍ക്ക് വിരാമമിട്ട് വാര്‍ത്ത തെറ്റെന്ന് ഹണിസിംഗ് തന്നെ ട്വിറ്ററിലൂടെ അറിയിച്ചപ്പോഴാണ് ആരാധകരുടെ ഞെട്ടല്‍ വിട്ടുമാറിയത്.

ഒരു കാര്‍ അപകടത്തില്‍ ഹണിസിംഗ് മരിച്ചെന്നായിരുന്നു വാര്‍ത്ത. ഗുരുതര പരിക്കേറ്റ് കോമയില്‍ കഴിയുന്ന ഹണിയുടെ ചിത്രം കൂടിയായപ്പോള്‍ കാര്യം ഗൗരവമായി മാറി. ഹണിസിംഗ് അഭിനയിക്കുന്ന ബ്രിംഗ്മീ ബാക്ക് എന്ന പുതിയ സംഗീത ആല്‍ബത്തിനു വേണ്ടിയുള്ള ചിത്രമായിരുന്നു യഥാര്‍ത്ഥമെന്നു കരുതി പ്രചരിച്ചത്.

ചുരുങ്ങിയ കാലം കൊണ്ട് നിരവധി ഹിറ്റു ഗാനങ്ങള്‍ സമ്മാനിച്ച ഹണി സിംഗ് മലയാളികള്‍ക്കും സുപരിചിതനാണ്. ലുങ്കി ഡാന്‍സ്,? എതിര്‍നീച്ചല്‍,? പാര്‍ട്ടി വിത്ത് ഭൂത്‌നാഥ്  എന്നീ ഗാനങ്ങള്‍ ഹണിസിഗിന്റെ ഹിറ്റ് ലിസ്റ്റില്‍ ഉള്‍പ്പെടുന്നു. സമാനമായ തരത്തില്‍ മുന്‍പും ചലച്ചിത്ര ലോകത്തെ പ്രമുഖര്‍ മരിച്ചതായി വ്യാജവാര്‍ത്തകള്‍ പരന്നിട്ടുണ്ട്.